Hot Posts

6/recent/ticker-posts

കോവിൻ സൈറ്റിലെ സാങ്കേതിക തകരാർ; വല‍ഞ്ഞ മുതിർന്ന പൗരൻമാർ - BMTV





തിരുവനന്തപുരം: കോവിൻ സൈറ്റിലെ സാങ്കേതിക പ്രശ്നങ്ങൾ മുതിർന്ന പൗരൻമാരെ വലച്ചു കനത്ത ചൂടിലും സർക്കാർ ആശുപത്രികളിൽ കോവിഡ് വാക്സീനെടുക്കാൻ മുതിർന്ന പൗരൻമാരുടെ നീണ്ടനിരയാണ്. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.  ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞവർക്കടക്കം ക്യൂവിൽ മണിക്കൂറുകൾ കാത്തുനിൽക്കേണ്ടി വന്നു. കോവിൻ സൈറ്റിൽ തിരിച്ചറിയൽ രേഖ അപ്‌ലോഡ് ചെയ്താല്‍പോലും റജിസ്ട്രേഷൻ നടക്കുന്നില്ലെന്നു പരാതിയും ഉയരുന്നുണ്ട്. അക്ഷയ കേന്ദ്രങ്ങൾ വഴി റജിസ്റ്റർ ചെയ്യാമെങ്കിലും ചില കേന്ദ്രങ്ങൾ ഉയർന്ന ഫീസ് ഈടാക്കുന്നു എന്നും പരാതി വരുന്നുണ്ട്. 60 വയസ്സു കഴിഞ്ഞവർക്കും 45 കഴിഞ്ഞ ഗുരുതര രോഗങ്ങളുള്ളവർക്കും മാർച്ച് 1 മുതൽ സംസ്ഥാനത്ത് വാക്സീൻ വിതരണം ആരംഭിച്ചിരുന്നു.
ആവശ്യത്തിനു കുത്തിവയ്പ്പു കേന്ദ്രങ്ങളില്ലാത്തതും സർക്കാർ ആശുപത്രികളിൽ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാത്തതും കുത്തിവയ്പ്പിനെത്തുന്നവരെ​ ദുരിതത്തിലാക്കുന്നു. പ്രായമായവർക്ക് ആവശ്യമായ സൗകര്യങ്ങൾ മിക്ക ആശുപത്രികളിലുമില്ല. കുത്തിവയ്പ്പിനെത്തുന്നവർക്കു നിർദേശങ്ങൾ നൽകുന്നതിലും ആശയക്കുഴപ്പമുണ്ട്. ആശുപത്രികളിലെ നീണ്ട ക്യൂവിനിടയിൽ കോവിഡ് മാനദണ്ഡങ്ങളും പാലിക്കപ്പെടുന്നില്ല.

സംസ്ഥാനത്ത് നൂറിൽ താഴെ സ്വകാര്യ ആശുപത്രികളിലാണ് വാക്സീനെടുക്കാൻ സൗകര്യമുള്ളത്. ചില ജില്ലകളിൽ വിരലിലെണ്ണാവുന്ന സ്വകാര്യ ആശുപത്രികളിലാണു സൗകര്യമുളളത് . കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ എംപാനൽ ചെയ്ത ആശുപത്രികളാണിവ. മറ്റു സ്വകാര്യ ആശുപത്രികൾ ഡിഎം ഒ ഓഫിസിൽ അപേക്ഷ നൽകിയാൽ മാത്രം കേന്ദ്രം അനുവദിച്ചാൽ മതിയെന്നാണ് സംസ്ഥാന നിലപാട്. റജിസ്ട്രേഷൻ നടപടികൾ സുഗമമാക്കാൻ കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ ഭാഗത്ത് കാലതാമസം ഉണ്ടാകുന്നതോടെ കടുത്ത ചൂടിൽ കുത്തിവയ്പ്പു കേന്ദ്രങ്ങളിൽ കയറിയിറങ്ങേണ്ട ഗതികേടിലാണ് വയോധികർ.
ഓൺലൈൻ റജിസ്ട്രേഷൻ സാങ്കേതിക തകരാറിനാൽ പൂർത്തിയാക്കാന്‍ കഴിയാത്തെ കുത്തിവയ്പ്പു കേന്ദ്രങ്ങളിൽ നേരിട്ട് എത്തുന്നവരുടെ മുൻപിൽ നീണ്ട ക്യൂവാണ് ഉളളത്. പ്രായമായവർക്ക് ഇരിക്കാനുള്ള സൗകര്യം പോലും പലയിടങ്ങളിലുമില്ല. വാക്സിനേഷനെക്കുറിച്ചുള്ള വിവരങ്ങൾ കോവിൻ പോർട്ടലിലൂടെ കേന്ദ്രം നിയന്ത്രിക്കുന്നതിനാൽ സംസ്ഥാനത്തിന് ഇടപെടുന്നതിനു പരിമിതികളുണ്ടെന്ന് ആരോഗ്യവകുപ്പ് പറയുന്നു.
ഓൺലൈനിൽ റജിസ്ട്രേഷൻ നടത്തിയിട്ടും കുത്തിവയ്പ്പ് എടുക്കാനായില്ലെന്നു ജനറൽ ആശുപത്രിയിലെത്തിയവർ പറഞ്ഞു. ഓൺലൈനിൽ ബുക്കു ചെയ്തിട്ടും കൺഫർമേഷൻ കിട്ടുന്നില്ലെന്നാണ് പലരുടെയും പരാതി. ചിലർക്കു 4 ദിവസം തുടർച്ചയായി പരിശ്രമിച്ചശേഷമാണ് ഓൺലൈൻ റജിസ്ട്രേഷൻ നടത്താൻ കഴിഞ്ഞത്.
‘ഓൺലൈനിൽ റജിസ്റ്റർ ചെയ്തശേഷം രാവിലെ ആശുപത്രിയിൽ വന്നു. 4–ാം തീയതി വരാനാണ് ഓൺലൈൻ റജിസ്ട്രേഷൻ ഫോമിൽ കാണിക്കുന്നത്. പക്ഷേ 9–ാം തീയതി വരാനാണ് ജനറൽ ആശുപത്രി അധികൃതർ പറയുന്നത്. ഓൺലൈൻ റജിസ്ട്രേഷന് അംഗീകാരമില്ലെന്നും പറയുന്നുണ്ട്’  ഒരു വയോധികൻ പറഞ്ഞു. ജീവനക്കാർ കുറവായതിനാൽ ആശുപത്രി അധികൃതരെ കുറ്റപ്പെടുത്താനില്ലെന്നു മറ്റു ചിലർ പറയുന്നു. സംസ്ഥാനത്ത് 60 വയസ് കഴിഞ്ഞവരും ഗുരുതര രോഗങ്ങളുള്ള 45 വയസിനു മുകളിൽ പ്രായമുള്ളവരും ഉൾപ്പെടെ 85 ലക്ഷം പേർക്കാണ് കോവിഡ് വാക്സീൻ നൽകേണ്ടത്.


'
Reactions