Hot Posts

6/recent/ticker-posts

ഡിജിപിയുടെ പീഡനശ്രമം ; കൂട്ടുനിന്ന എസ്പിക്ക് സസ്പെൻഷൻ - BMTV





ചെന്നൈ∙ ഔദ്യോഗിക കാറില്‍ വച്ച് വനിതാ ഐപിഎസ് ഓഫിസറെ തമിഴ്നാട് പൊലീസിലെ മുന്‍ സ്‌പെഷല്‍ ഡിജിപി രാജേഷ് ദാസ് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കേസിലെ രണ്ടാം പ്രതി എസ്പി. ഡി. കണ്ണനെ സസ്പെന്‍ഡ് ചെയ്തു. രാജേഷ് ദാസിനെതിരായ പരാതി മൂടി വയ്ക്കാൻ കഠിന പരിശ്രമം നടത്തിയ ചെങ്കല്‍പേട്ട് എസ്പി ഡി. കണ്ണനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനാണ് നടപടി എടുത്തത്.

ഡിജിപിയുടെ ലൈംഗികാതിക്രമത്തിനു കൂട്ടുനിന്നുവെന്ന് ആരോപണം ഉയർന്നതിനെ തുടർന്ന് എസ്പിയെ മാറ്റി നിര്‍ത്താന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ചീഫ് സെക്രട്ടറിക്കു രേഖാമൂലം നിര്‍ദേശം നല്‍കുകയായിരുന്നു. കേസിന്റെ ഗുരുതര സ്വഭാവം കണക്കിലെടുത്താണ് ഇടപെടൽ. 
മുഖ്യമന്ത്രിയുടെ ജില്ലാതല പര്യടനത്തിനിടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന സ്പെഷല്‍ ഡിജിപി രാജേഷ് ദാസ് വനിതാ ഐപിഎസ് ഓഫിസറെ കാറിലേക്കു വിളിച്ചു വരുത്തി കയറിപിടിച്ചെന്നാണ് കേസ്. പരാതി പറയാനായി ഉദ്യോഗസ്ഥ ചെന്നൈയിലേക്കു വരുന്ന വഴിയില്‍ നഗരാതിര്‍ത്തിയില്‍ വച്ചു വാഹനം പിടിച്ചെടുക്കാന്‍ മുന്നില്‍ നിന്ന ആളാണ് ഡി. കണ്ണന്‍. ഫെബ്രുവരി 21ന് കാറിനുള്ളില്‍ വച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നു മോശമായ പെരുമാറ്റം ഉണ്ടായതോടെ വനിതാ ഐപിഎസ് ഓഫിസര്‍ പെട്ടെന്നു തന്നെ കാര്‍ വിട്ടു പുറത്തിറങ്ങുകയായിരുന്നു. പിന്നീട് 24 മണിക്കൂറിനുള്ളില്‍ നാടകീയമായ പല സംഭവങ്ങളും അരങ്ങേറി. 
ഡിജിപിക്കെതിരെ പരാതി നല്‍കാന്‍ പോകുന്നതിനിടെ എസ്പിയുടെ നേതൃത്വത്തില്‍ 150ഓളം പൊലീസുകാരെത്തി വഴി തടയാന്‍ ശ്രമം നടത്തിയതായും പരാതിക്കാരിയുടെ ഔദ്യോഗിക കാറിന്റെ താങ്കോൽ ബലമായി പിടിച്ചെടുത്തു കൊണ്ടുപോയെന്നും ഡ്രൈവറെയും ഗണ്‍മാനെയും ഭീഷണിപ്പെടുത്തി കാറില്‍നിന്നു വലിച്ചിറക്കിയെന്നും  ഉദ്യോഗസ്ഥ പരാതിയില്‍ പറഞ്ഞിരുന്നു. പരാതി കിട്ടിയ ഉടന്‍  ഡിജിപി രാജേഷ് ദാസിനെ സസ്പെന്‍ഡു ചെയ്തിരുന്നെങ്കിലും കൂട്ടുപ്രതിയായ കണ്ണനെ സംരക്ഷിക്കുന്ന നിലപാടാണു സര്‍ക്കാര്‍ എടുത്തിരുന്നത്. 
വൈകാതെ പെരുമാറ്റചട്ടം നിലവില്‍ വരികയും ചെയ്തു. തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇടപെട്ടത്. അതേസമയം ആരോപണവിധേയരായ രാജേഷ് ദാസിനെയും കണ്ണനെയും ചോദ്യം ചെയ്യാന്‍ ഇതുവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ തയാറായിട്ടില്ല. 


'
Reactions