Hot Posts

6/recent/ticker-posts

സി.പി.എം. സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്ന് - BMTV





കോഴിക്കോട്: സി.പി.എം. സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്ന്. പ്രതിഷേധം ഉയര്‍ന്ന മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ മാറ്റില്ലെന്ന് നിലാപാടിൽ ഉറച്ച് സിപിഎം.
 നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സി.പി.എം. സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും. ദേവികുളം ഉള്‍പ്പടെ ഏതാനും സീറ്റുകളിലെ ഒഴികെയുള്ള സ്ഥാനാര്‍ഥികളുടെ പേരാണ് ഇന്ന് 11 മണിക്ക് പ്രഖ്യാപിക്കുന്നത്. പ്രാദേശിക പ്രതിഷേധങ്ങള്‍ തള്ളി തീരുമാനങ്ങളില്‍ ഉറച്ച് നില്‍ക്കാനാണ് സി.പി.എമ്മിന്റെ തീരുമാനം. പൊന്നാനിയില്‍ ഉള്‍പ്പെടെ പ്രാദേശികമായ എതിര്‍പ്പ് ശക്തമാണെങ്കിലും സ്ഥാനാര്‍ഥിയെ മാറ്റാനുള്ള തീരുമാനം പാര്‍ട്ടി എടുത്തിട്ടില്ല. സീറ്റ് വിഭജനം ഏതാണ്ട് പൂർത്തിയാകുമ്പോൾ കേരള കോൺഗ്രസ് (എം) ഒഴിച്ച് എൽഡിഎഫിലെ ഘടകകക്ഷികൾ അതൃപ്തിയിലും അമർഷത്തിലുമാണ്. സ്വന്തം സീറ്റുകൾ വിട്ടുകൊടുത്ത് കേരള കോൺഗ്രസിനോടു കാട്ടിയ ഔദാര്യത്തിന്റെ പേരിൽ സിപിഎമ്മിൽ പ്രാദേശികമായ പ്രതിഷേധം അണപൊട്ടി.
കേരള കോൺഗ്രസ് പുതുതായി വരികയും എൽജെഡി തിരിച്ചുവരികയും ചെയ്തതിനാൽ സീറ്റ് വിഭജനത്തിൽ എല്ലാവരും വിട്ടുവീഴ്ച ചെയ്യണമെന്നു മുൻകൂറായി സിപിഎം പറഞ്ഞിരുന്നു. ഏതാനും സീറ്റുകൾ ത്യജിച്ചു പാർട്ടി മാതൃക കാട്ടി. പക്ഷേ, കേരള കോൺഗ്രസ് തൃപ്തരായെങ്കിൽ മറ്റുള്ളവരെല്ലാം അതൃപ്തിയിൽ എന്നായി അന്തിമ ഫലം. പതിറ്റാണ്ടുകളായുള്ള യുഡിഎഫ് ബന്ധം വിഛേദിച്ച് വന്ന കക്ഷി എന്നതു കണ്ട് മാന്യമായ പരിഗണന കേരള കോൺഗ്രസിനോട് കാട്ടിയേ തീരൂവെന്നു സിപിഎം നേതൃത്വം ചൂണ്ടിക്കാട്ടുന്നു. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളെ അടുപ്പിച്ചു നിർത്താൻ ബലമുളള പാലമായി അവർ ജോസ് കെ.മാണിയുടെ കക്ഷിയെ കരുതുന്നു
 സിപിഎമ്മിന്റെ ന്യായം ദഹിക്കുന്നില്ലെന്ന് സിപിഐയും വ്യക്തമാക്കുന്നു.  10 സീറ്റു പോലും കേരള കോൺഗ്രസിനു കൊടുക്കേണ്ട കാര്യമില്ല എന്നായിരുന്നു സിപിഐയുടെ അഭിപ്രായം. തദ്ദേശ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് വന്നതു ഗുണം ചെയ്തുവെങ്കിലും പുറത്ത് ചിത്രീകരിക്കപ്പെട്ട നേട്ടം ആ വരവു കൊണ്ട് ഉണ്ടായില്ല എന്നായിരുന്നു അവരുടെ വിശകലനം. പാർട്ടിയുടെ കാഞ്ഞിരപ്പള്ളിയും ഇരിക്കൂറും കേരള കോൺഗ്രസിനു വിട്ടുകൊടുക്കാൻ കാട്ടിയ ഉദാരതയ്ക്കു ചേർന്ന സമീപനം തിരിച്ച് ഉണ്ടായില്ല എന്ന അമർഷവും ഉണ്ട്. 
 കഴിഞ്ഞ തവണത്തെ 5 സീറ്റ് നാലായി കുറഞ്ഞു. സിറ്റിങ് സീറ്റായ വടകര എൽജെഡിക്ക് കൊടുത്തതിൽ ജനതാദൾ പ്രതിഷേധം പരസ്യമായ പ്രകടിപ്പിച്ചിരുന്നു .


പ്രകടനങ്ങളും പോസ്റ്റര്‍ വഴിയുള്ള ഒളിപ്പോരുകളും സി.പി.എം. നേതൃത്വം മുഖവിലയ്‌ക്കെടുക്കുന്നില്ല. എല്ലാം മുന്‍ തീരുമാനപ്രകാരം മുന്നോട്ടുപോകുമെന്നുതന്നെയാണ് ഉന്നതനേതൃത്വം നല്‍കുന്ന സൂചനകള്‍. ഇന്ന് 11 മണിയോടെ പാര്‍ട്ടി സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിക്കും. 2016ല്‍ 92 സീറ്റുകളില്‍ മല്‍സരിച്ച സിപിഎം ഇത്തവണ സ്വതന്ത്രരുള്‍പ്പടെ 85 സീറ്റുകളിലാണ് മല്‍സരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥിപ്പട്ടിക  പ്രഖ്യാപിക്കാനിരിക്കെ, നിയുക്ത സ്ഥാനാർഥികൾക്കെതിരായ പ്രതിഷേധം കൂട്ടരാജികളിലേക്ക് നിങ്ങുന്നു. പൊന്നാനിയിൽ വെളിയങ്കോട്, പൊന്നാനി ടൗൺ ലോക്കൽ കമ്മിറ്റികളിൽ നിന്നായി 10 പേർ രാജി നൽകി. എരമംഗലം ലോക്കൽ കമ്മിറ്റിയിലെ 5 പേർ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. പ്രതിഷേധം തണുപ്പിക്കാൻ ശ്രമം ആരംഭിച്ചെങ്കിലും നേതൃത്വത്തെ അമ്പരപ്പിക്കും‌വിധം അണികൾ തെരുവിലിറങ്ങുകയും രോഷം തുടരുകയുമാണ്.

പൊന്നാനിക്ക് പുറമേ കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെച്ചൊല്ലിയും ഭിന്നതയുണ്ട്. ആലപ്പുഴ ജില്ലയില്‍ അമ്പലപ്പുഴ മണ്ഡലത്തില്‍ മന്ത്രി ജി. സുധാകരനെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട് വീണ്ടും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ആലപ്പുഴയില്‍ തോമസ് ഐസക്കിനെ വീണ്ടും മത്സരിപ്പിക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. കോങ്ങാട്ടെയും കളമശ്ശേരിയിലെയും സി.പി.എം. സ്ഥാനാര്‍ഥികള്‍ക്കെതിരേയും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
സി.പി.ഐ. 21 സീറ്റുകളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. നാലിടത്തെ സ്ഥാനാര്‍ഥികള്‍ ഉടന്‍ പ്രഖ്യാപിക്കും. എന്‍.സി.പി. മൂന്നുസീറ്റുകളിലെയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. എലത്തൂരില്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ തന്നെ മത്സരിക്കും. കോണ്‍ഗ്രസ് എസിന്റെ ഏക സീറ്റായ കണ്ണൂരില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനാണ് സ്ഥാനാര്‍ഥി. ജനതാദള്‍ (എസ്)ന്റെ നാലു സീറ്റുകളിലെ സ്ഥാനാര്‍ഥികളായി. എല്‍.ജെ.ഡി. സ്ഥാനാര്‍ഥി പ്രഖ്യാപനവും ഇന്ന് കോഴിക്കോട്ട് നടക്കും.


'
Reactions