ചെന്നൈ: കോവിഡ് ബാധിച്ച മലയാളി ദമ്പതികൾ രണ്ടു ദിവസത്തെ ഇടവേളയിൽ മരിച്ചു. കെകെ നഗർ നെസപ്പാക്കത്തു താമസിക്കുന്ന കൊല്ലങ്കോട് താമ്പ്രത്ത് രവീന്ദ്രൻ (60), ഭാര്യ വന്ദന നായർ (52) എന്നിവരാണു മരിച്ചത്. രവീന്ദ്രൻ എസ്ആർഎം ഗ്രൂപ്പ് മുൻ പിആർഒയാണ്. വന്ദന നായർ കെ.കെ.നഗർ വാണി വിദ്യാലയത്തിലെ അഡീഷനൽ വൈസ് പ്രിൻസിപ്പലാണ്.
നെസപ്പാക്കത്തെ ഫ്ലാറ്റിൽ ഇവർ തനിച്ചായിരുന്നു താമസം. രണ്ടാഴ്ചയോളമായി ഇവർക്കു പനിയുണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. ഏറെ ദിവസമായി ഇവരെ കാണാതെ ആയതോടെ വീട്ടിൽ അന്വേഷിച്ചെത്തിയ ബന്ധുക്കളാണ് അതീവ ഗുരുതരാവസ്ഥയിൽ ഇവരെ കണ്ടെത്തിയത്. ഉടൻ തന്നെ അയൽവാസികളും ബന്ധുക്കളും ചേർന്നു ഇവരെ ആശുപത്രിയിലേക്കു മാറ്റി. ആശുപത്രിയിലെത്തുന്നതിനു മുൻപേ രവീന്ദ്രൻ മരിച്ചു. കിൽപോക് മെഡിക്കൽ കോളജ് കോവിഡ് വാർഡിൽ ചികിത്സയിലായിരുന്നു വന്ദന വെള്ളിയാഴ്ച അർധ രാത്രിയോടെയാണു മരിച്ചത്.

