ബെംഗളൂരു: കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് ഉൾപ്പെടെ കോവിഡ് നെഗറ്റീവ് ആർടിപിസിആർ സർട്ടിഫിക്കറ്റ് പരിശോധനയും തെർമൽ സ്ക്രീനിങ്ങും കർശനമായി നടപ്പാക്കാനാരംഭിച്ച് കർണാടക. കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് പുറത്തിറക്കിയ ഉത്തരവിനെ തുടർന്നാണിത്. കേരളത്തിനു പുറമേ മഹാരാഷ്ട്ര, പഞ്ചാബ് എന്നിവിടങ്ങളിലെ യാത്രക്കാരുടെ പരിശോധനയാണ് കർശനമാക്കിയിരിക്കുന്നത്.
ഏപ്രിൽ 1 മുതൽ ബെംഗളൂരുവിലേക്കു വരുന്ന മറ്റു സംസ്ഥാനങ്ങളിലെ യാത്രികർക്കും ഇതു ബാധകമായിരിക്കുമെന്ന് ആരോഗ്യമന്ത്രി ഡോ.കെ സുധാകർ പറഞ്ഞു. കർണാടക- കേരള അതിർത്തിയിലെ മൂലെഹോളെ, കുട്ട, ബാവലി, മാക്കൂട്ടം, തലപ്പാടി, തമിഴ്നാട് അതിർത്തിയിലെ അത്തിബെല്ലെ ചെക്പോസ്റ്റുകളിലാണ് സ്വകാര്യ വാഹനങ്ങളിൽ എത്തുന്നവരിൽ ഉൾപ്പെടെ തടഞ്ഞു നിർത്തി പരിശോധിക്കുന്നത്.
സർട്ടിഫിക്കറ്റ് ഇല്ലാതെ വരുന്നവരുടെ സ്രവ സാംപിളുകൾ ശേഖരിക്കാൻ ഇവിടങ്ങളിൽ മൊബൈൽ ലാബ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ട്രെയിൻ, വിമാന, ബസ് യാത്രികർക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ആർടിപിസിആർ സർട്ടിഫിക്കറ്റ് പരിശോധനയും തെർമൽ സ്ക്രീനിങ്ങും കർശനമാക്കിയതായി അത്തിബെല്ലെ ചെക്പോസ്റ്റിൽ പ്രദർശിപ്പിച്ചിരിക്കുന്ന ബോർഡ്.

