നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണശേഷം ബോളിവുഡില്‍ ഉയര്‍ന്ന വാഗ്വാദങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. ബോളിവുഡിലെ സ്വജന പക്ഷപാതവും വിവേചനവും ഏറെ ചർച്ചകളായിരുന്നു. ഇപ്പോൾ ബോളിവുഡില്‍ നിന്ന് വരുന്ന വാർത്ത കരൺ ജോഹർ ചിത്രം ദോസ്താന 2 വിൽ നിന്നും യുവനടൻ കാർത്തിക് ആര്യനെ ഒഴിവാക്കിയതിനെ കുറിച്ചാണ്. ഈ സംഭവത്തിൽ കരൺ ജോഹറിനെതിരെ രൂക്ഷ വിമർശനവുമായി കങ്കണ റണൗട്ട് രംഗത്തെതി. സുശാന്ത് സിങിനെപ്പോലെ കാർത്തിക് ആര്യനെയും ഇവർ ഒതുക്കാൻ ശ്രമിക്കുകയാണെന്നും ബോളിവുഡിലെ പക്ഷപാതത്തിന്റെ മറ്റൊരു ഉദാഹരണമാണ് ഇതെന്നും കങ്കണ പറയുന്നു. കരൺ ജോഹർ നിർമിക്കുന്ന ദോസ്‌താന 2ലെ അഭിനയനിരയെ മാറ്റി പുതിയ താരങ്ങളെ പരിഗണിക്കുകയാണെന്ന് ധർമ പ്രൊഡക്ഷൻസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നും. ചിത്രത്തിൽ നായകനായി തീരുമാനിച്ചിരുന്നത് ബോളിവുഡ് യുവനടൻ കാർത്തിക് ആര്യനെയായിരുന്നു. എന്നാൽ നിർമാതാക്കളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് കാർത്തിക്കിനെ പുറത്താക്കിയെന്നാണ് റിപ്പോർട്ട്. വാർത്തകൾക്ക് പിന്നാലെ കരൺ ജോഹറിനെയും ബോളിവുഡ് മാഫിയകളെയും രൂക്ഷമായി വിമർശിച്ച് കങ്കണ റണൗട്ട് രംഗത്തെത്തി. സംഭവം സ്വജനപക്ഷപാതത്തിന് ഉദാഹരണമാണെന്ന് താരം ട്വീറ്റ് ചെയ്തു. സുശാന്ത് സിംഗിനെപ്പോലെ കാർത്തിക്കിനെയും ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്നും ,താരം ഇവിടെ വരെ എത്തിയത് ഒരുപാട് ദൂരങ്ങൾ താണ്ടിയാണെന്നും കങ്കണ പറഞ്ഞു. കരണിനെ പാപ്പ ജോ എന്ന് അഭിസംബോധന ചെയ്താണ് നടി ട്വിറ്ററിലൂടെ വിമർശിച്ചത്. പാപ്പ ജോയും അയാളുടെ നെപ്പോ ഗാങ് ക്ലബ്ബും കാർത്തിക് ആര്യനെ വെറുതെ വിടണമെന്നാണ് കങ്കണ ട്വീറ്റ് ചെയ്തത്. ‘സ്വന്തം നിലയിലാണ് കാർത്തിക് ഇവിടെ വരെ എത്തിയത്. അദ്ദേഹം ഇവിടെ തുടരുന്നതും ഒറ്റയ്ക്കു തന്നെയാണ്. കരൺ ജോഹറിനോടും കൂട്ടാളികളോടും എനിക്ക് ഒന്നേ പറയാനൊളളൂ. അയാളെ ഒറ്റയ്ക്കു വിടുക. അല്ലാതെ സുശാന്തിനു സംഭവിച്ചതുപോലേ പുറകെ നടന്ന് ഉപദ്രവിച്ച് തൂങ്ങി മരിക്കാൻ നിർബന്ധിതനാക്കരുത്.’ എന്നും കങ്കണ പറഞ്ഞു.
‘ഇതുപോലുള്ളവരെ പേടിക്കേണ്ട കാർത്തിക്. ഇതുപോലെ വൃത്തികെട്ട വാർത്തകളും റിലീസ് അനൗൺസ്മെന്റും ചെയ്ത് നിന്നെ തകർക്കാൻ അവർ നോക്കും. നീ നിശബ്ദനമായി ഇരിക്കുക. സുശാന്തിനെതിരെ അയാൾ മയക്കുമരുന്നിന് അടിമയാണെന്നാണ് ഇവർ പറഞ്ഞു പരത്തിയതെന്നും.’–കങ്കണ പറഞ്ഞു . ബോളിവുഡ് സിനിമാ മാഫിയയിലെ പ്രധാന കുറ്റവാളി കരൺ ജോഹറാണെന്ന് കങ്കണ നേരത്തെയും ആരോപിച്ചിരുന്നു. പ്രധാനമന്ത്രിയെ ടാഗ് ചെയ്ത ട്വീറ്റിൽ കരൺ ജോഹർ നിരവധി പേരുടെ ജീവിതവും കരിയറും നശിപ്പിച്ചിട്ടും ഇപ്പോഴും അദ്ദേഹം സ്വതന്ത്രനായി നടക്കുകയാണെന്നും അന്ന് ട്വീറ്റിൽ കങ്കണ പറഞ്ഞിരുന്നു.ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് പിന്നാലെ ബോളിവുഡിലെ സ്വജനപക്ഷപാതത്തിനും വിവേചനത്തിനുമെതിരെ കങ്കണ റണൗട്ട് രൂക്ഷമായ ആരോപണങ്ങളും വിമർശനങ്ങളും നടത്തിയിരുന്നു. താര പുത്രന്മാർക്കും പുത്രിമാർക്കും മാത്രമായി അവസരങ്ങൾ ലഭിക്കുന്നുവെന്നും കഴിവുള്ള മറ്റു നടീനടന്മാർക്ക് അവസരങ്ങൾ നിഷേധിക്കപ്പെടുന്നതായും കങ്കണ ആരോപിച്ചിരുന്നു. സുശാന്തിന്റെ മരണത്തിൽ മയക്കുമരുന്ന് ആരോപണവും ഉയർന്ന പശ്ചാത്തലത്തിൽ ഇതിനെ കുറിച്ചും കങ്കണ പ്രതികരിച്ചിരുന്നു. ബോളിവുഡിൽ നാർകോടിക്സ് അന്വേഷണം നടത്തിയാൽ നിരവധി പ്രമുഖ താരങ്ങൾ അഴിക്കുള്ളിലാകുമെന്നായിരുന്നു കങ്കണയുടെ പരാമർശം. ബോളിവുഡിലെ 99 ശതമാനം പേരും മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്നും കങ്കണ ആരോപിച്ചിരുന്നു. കാര്‍ത്തിക് ആര്യനും ജാന്‍വി കപൂറും ആയിരുന്നു ദോസ്താന 2വിലെ പ്രധാന താരങ്ങള്‍. 2019 ല്‍ ആയിരുന്നു ദോസ്താനയുടെ രണ്ടാം ഭാഗം വരുന്നതായി പ്രഖ്യാപിച്ചത്. പിന്നീട് കൊവിഡ് പശ്ചാത്തലത്തില്‍ സിനിമയുടെ ചിത്രീകരണം നീണ്ടുപോവുകയായിരുന്നു. അതിനിടെയാണ് കാർത്തിക്കിനെ മാറ്റി പകരം അക്ഷയ് കുമാറിനെ നായകനാക്കാൻ കരൺ ജോഹർ തീരുമാനിക്കുന്നത്. കാർത്തിക്കുമായി തെറ്റിപ്പിരിഞ്ഞതിനെ തുടർന്നാണ് കരൺ ജോഹർ നായകനെ മാറ്റിയതെന്നായിരുന്നു ആരോപണം.
കോവിഡ് പശ്ചാത്തലത്തില്‍ ചിത്രീകരണം നീട്ടി വയ്ക്കാന്‍ കാര്‍ത്തിക് ആവശ്യപ്പെട്ടിരുന്നു. ഇത് കരണ്‍ അംഗീകരിച്ചിരുന്നുവെന്നും എന്നാല്‍ അതിനിടെ റാം മാധവിയുടെ ധമാക്ക എന്ന സിനിമയില്‍ കാര്‍ത്തിക് അഭിനയിക്കാന്‍ പോയത് കരണില്‍ നീരസം ഉണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.കരണും കാര്‍ത്തിക്കും തമ്മില്‍ വാക്കേറ്റം ഉണ്ടായെന്നും 20 ദിവസത്തോളം ചിത്രീകരിച്ച ശേഷമാണ് കാര്‍ത്തിക്കിനെ ഒഴിവാക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഇനി മുതല്‍ കാര്‍ത്തിക്കുമായി സഹകരിക്കേണ്ടതില്ലെന്നാണ് ധര്‍മ്മ പ്രൊഡക്‌ഷന്‍സിന്റെ തീരുമാനം.
