കണ്ണൂർ: മൻസൂർ വധക്കേസിലെ രണ്ടാം പ്രതി രതീഷിന്റെ മരണത്തിൽ ദുരൂഹതയെന്ന് സൂചന. ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലിനു പിന്നാലെ അർധരാത്രി വടകര റൂറൽ എസ്പി രതീഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കശുമാവിൻ തോട്ടത്തിൽ പരിശോധന നടത്തി.
രതീഷിനെ തൂങ്ങിയ നിലയിൽ കണ്ട മരവും സമീപ പ്രദേശങ്ങളും എസ്പി പരിശോധിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ടിനു പിന്നാലെ പെട്ടെന്നുള്ള എസ്പിയുടെ സന്ദർശനം ഈ മരണത്തിൽ ദുരൂഹതയുണ്ടെന്ന സംശയം കൂട്ടുകയാണ്. വിശദ പരിശോധനയ്ക്കായി മൻസൂർ വധം അന്വേഷിക്കുന്ന സംഘം രതീഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ചെക്യാട് ശനിയാഴ്ച എത്തും. ആത്മഹത്യയിൽ നിഗൂഢതയുണ്ടെന്നും തെളിവു നശിപ്പിക്കുന്നതിന്റെ ഭാഗമായി കൊന്ന് കെട്ടിത്തൂക്കിയതാണെന്നും യുഡിഎഫ് ആരോപിച്ചിരുന്നു.
