കൊച്ചി : സാമ്പത്തിക തർക്കത്തെ തുടർന്നു പെരുമ്പാവൂർ കുറുപ്പംപടി തുരുത്തിയിൽ വെടിവയ്പ്. ഫഹദ് ഫാസിലിന്റെ പുതിയ സിനിമ ‘ജോജി’ മോഡൽ വെടിവയ്പ് ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് ഉണ്ടായത്. കഴുത്തിൽ എയർഗൺ ഉപയോഗിച്ചുള്ള വെടിയേറ്റതിനെ തുടർന്നു തുരുത്തി പുനത്തിൽകുടി വീട്ടിൽ പി.എൻ.വിഷ്ണു (25) എന്ന സന്ദീപിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്കു മാറ്റി. സമീപവാസിയും സുഹൃത്തുമായ തുരുത്തിമാലി വീട്ടിൽ കിരൺ ചന്ദ് (23) ആണ് വെടിവച്ചത്.
കടം നൽകിയ പണം തിരികെ ചോദിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് വെടിവയ്പിൽ കലാശിച്ചതെന്നു പൊലീസ് പറയുന്നു. കിരണിന്റെ വീട്ടിലെത്തി പണം തിരികെ ചോദിച്ച വിഷ്ണുവിനെ ഭീഷണിപ്പെടുത്തി ‘നിനക്ക് ഞാൻ പൈസ തരാൻ ഉണ്ടോടാ’ എന്നു ചോദിച്ച് എയർഗൺ എടുത്തു വെടിവയ്ക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. കഴുത്തിനു വെടിയേറ്റതിനാൽ ഉടനെ വിഷ്ണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെടി വച്ച കിരൺ ചന്ദ് ഇവിടെ ഇരുചക്ര വാഹനങ്ങളുടെ വർക് ഷോപ്പ് നടത്തുകയാണ്. പെയിന്റിങ് ജോലിക്കാരനാണു വിഷ്ണു.
