ന്യൂഡൽഹി : കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഈ വർഷത്തെ 10, 12 ക്ലാസുകളിലേക്കുള്ള സിബിഎസ്ഇ ബോർഡ് പരീക്ഷകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടു കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാലിനു കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി കത്ത് നൽകി. കോവിഡ് പടർന്നു പിടിക്കുന്നതിനിടെ പരീക്ഷ നടത്തുന്നതു വിദ്യാർഥികളുടെ ആരോഗ്യം അപകടത്തിലാക്കാൻ വഴിയൊരുക്കുമെന്ന് പ്രിയങ്ക കത്തിൽ ചൂണ്ടിക്കാട്ടി.
തിരക്കേറിയ പരീക്ഷാ കേന്ദ്രങ്ങളിൽ വിദ്യാർഥികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുക അസാധ്യമാണ്. രാജ്യത്തു പ്രതിദിന കോവിഡ് കേസുകൾ ഒരു ലക്ഷത്തിനു മുകളിലെത്തിയതോടെ, പരീക്ഷാ കേന്ദ്രങ്ങളിലെത്തി പരീക്ഷയെഴുതുന്നതിൽ ഒട്ടേറെ വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയറിയിച്ചിട്ടുണ്ടെന്നും പ്രിയങ്ക പറഞ്ഞു. മേയ് നാലിനു സിബിഎസ്ഇ പരീക്ഷകൾ നടത്താനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നു രാഹുൽ ഗാന്ധിയും ആവശ്യപ്പെട്ടു. കോവിഡ് നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയമാണെന്നു രാഹുൽ ട്വിറ്ററിൽ കുറിച്ചു
