കോഴിക്കോട്: ഇ.പി ജയരാജന് കിട്ടാത്ത ആനുകൂല്യമാണ് മന്ത്രി കെ.ടി ജലീലിന് കിട്ടുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. ഇത് സിപിഎമ്മിനകത്ത് പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ടെന്നും കെ.സുരേന്ദ്രന്‍ ആരോപിച്ചു. തിരഞ്ഞെടുപ്പില്‍ ബിജെപി വലിയ മുന്നേറ്റം നടത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
'ഇത്തവണ എന്‍ഡിഎയ്ക്ക് ഉറച്ച പ്രതീക്ഷയാണ് ഉള്ളത്. കേരള രാഷ്ട്രീയത്തില്‍ വളരെ നിര്‍ണായക സ്ഥാനത്തേക്ക് വരാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് മുന്നണികള്‍ക്കെതിരെയും ശക്തമായ ബദല്‍ ഉയര്‍ന്നുവന്നിടത്തെല്ലാം ഞങ്ങളെ പിന്തുണയ്ക്കാന്‍ ജനങ്ങള്‍ തയ്യാറായിട്ടുണ്ട്. ബിജെപി ഇരട്ട അക്കത്തിലേക്ക് എത്താന്‍ സാധ്യതയുണ്ട്. കൂടാതെ ഇടത് വലത് മുന്നണികള്‍ക്ക് പ്രതീക്ഷിച്ചതുപോലുള്ള മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല.തൂക്കുമന്ത്രിസഭ ഉണ്ടാകാനാണ് സാധ്യത. തൂക്കുസഭ വന്നാല്‍ ആരെയും പിന്തുണയ്ക്കില്ല. തൂക്ക് സഭ വന്നാല്‍ മുന്നണികളെ ശിഥിലമാക്കുകയാണ് ലക്ഷ്യമെന്നും സുരേന്ദ്രൻ വ്യക്തമാക്കി. ഇ.പി ജയരാജന് കിട്ടാത്ത ആനുകൂല്യമാണ് കെ.ടി ജലീലിന് കിട്ടുന്നത്. ഇത് സിപിഎമ്മിനകത്ത് രാഷ്ട്രീയ പ്രശ്‌നമായി ഉയര്‍ന്നു കഴിഞ്ഞു. ജലീലാണ് യുഎഇ. കോണ്‍സുലേറ്റുമായുള്ള സര്‍ക്കാരിന്റെ പാലം. ജലീല്‍ നന്നായി അറബി സംസാരിക്കും. യുഎഇ കോണ്‍സുലേറ്റില്‍ അദ്ദേഹത്തിന് വഴിവിട്ട ബന്ധങ്ങളുണ്ട്. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുമായി ചേര്‍ന്നാണ് കഴിഞ്ഞ നാല് കൊല്ലമായി തട്ടിപ്പ് നടത്തുന്നത്. എല്ലാത്തിന്റെയും പാലമാണ് ജലീല്‍. അതിനാലാണ് ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഇരട്ടത്താപ്പ് നടത്തുന്നത്. ഇ.പി ജയരാജനോട് കാണിച്ച സമീപനം കെ.ടി ജലീലിനോട് കാണിക്കാന്‍ കഴിയാതെ വന്നിരിക്കുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.