കേരളം ആവേശത്തോടെ വോട്ടു രേഖപ്പെടുത്തിയതിന്റെ ഫലമറിയാൻ ഏതാനും ദിവസങ്ങൾ മാത്രം. നെഞ്ചിടിപ്പേറ്റുന്ന മത്സരമാണു മിക്ക നിയമസഭാ മണ്ഡലങ്ങളിലും നടന്നത്. ഭരണത്തുടർച്ചയ്ക്കാണോ ഭരണമാറ്റത്തിനാണോ കേരളം ഒരുങ്ങുന്നത്? ഉത്തരമറിയാൻ ഏവരും കാത്തിരിക്കുന്നു.
വോട്ടെടുപ്പിനുശേഷമുള്ള വിശ്രമത്തിന് അവസാനമാവുന്നു. കൃത്യം ഏഴാംനാള്‍ ജനവിധി അറിയാം. മേയ് രണ്ടിന് ഞായറാഴ്ചവരെ വീണ്ടും കണക്കെടുപ്പുകളുടെ പുതിയ കാലം. രാഷ്ട്രീയപ്പാര്‍ട്ടികള്‍ സ്വന്തംനിലയിലും മുന്നണിതലത്തിലും നടത്തിയ കണക്കുകള്‍ ഇഴകീറി പരിശോധിക്കുകയാണ് എതിരാളികളും.
വോട്ടെടുപ്പ് ഏപ്രില്‍ ആറിന് കഴിഞ്ഞതോടെ മന്ദഗതിയിലായ രാഷ്ട്രീയ ഊഷ്മാവിന്റെ ഗ്രാഫ് വീണ്ടുമുയര്‍ന്നു. നിലവിലുള്ള സീറ്റുകളില്‍ ചിലത് നഷ്ടമാവുമെങ്കിലും തുടര്‍ഭരണം ഉറപ്പെന്ന വലിയ ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മിനും ഇക്കാര്യത്തില്‍ സംശയമേയില്ല. ചുരുങ്ങിയത് 77 സീറ്റെന്ന നിഗമനത്തില്‍ ഭരണമാറ്റം ഉറപ്പാണെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. തുടക്കംമുതല്‍ മുന്നേറുമെന്ന് പറഞ്ഞുവന്ന ബി.ജെ.പി.ക്ക് അഞ്ചുമുതല്‍ എട്ടുസീറ്റ് വരെയാണ് പ്രതീക്ഷ. കാറ്റ് അനുകൂലമായാല്‍ അത് 12 വരെയാകാമെന്നും അവര്‍ പറയുന്നു.
വോട്ട് മറിഞ്ഞോയെന്ന ആശങ്ക മൂന്നുകൂട്ടര്‍ക്കുമുണ്ട്. ബി.ജെ.പി.വോട്ടുകള്‍ മറിഞ്ഞെന്നും അവരുമായി രഹസ്യധാരണയുണ്ടെന്നും ഇരുമുന്നണികളും പരസ്പരം ആരോപിക്കുന്നു. അത്തരത്തില്‍ എവിടെയും ഉണ്ടായിട്ടില്ലെന്നാണ് ജില്ലാ, മണ്ഡലം കമ്മിറ്റികള്‍ നല്‍കിയ കണക്കുകള്‍ ഉദ്ധരിച്ച് ബി.ജെ.പി.പറയുന്നത്. തുടര്‍ഭരണം അല്ലെങ്കില്‍ തൂക്കുസഭ എന്നതാണ് ബി.ജെ.പി.യുടെ നിഗമനം. അല്പം മുന്‍തൂക്കം ഇടതുമുന്നണിക്കാണെന്നും അവരുടെ കണക്കുകള്‍ പറയുന്നു. കോണ്‍ഗ്രസിന്റെ കുറെ വോട്ടുകള്‍ തങ്ങള്‍ക്ക് കിട്ടാനിടയുണ്ടെന്നും ബി.ജെ.പി. പ്രതീക്ഷിക്കുന്നു.
ഇടതുമുന്നണി ഭരണത്തിന് എതിരായുള്ള വികാരം എങ്ങും ഉണ്ടായില്ലെന്ന വിശ്വാസമാണ് സി.പി.എം. കേന്ദ്രങ്ങളുടെ ആത്മവിശ്വാസം കൂട്ടുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് സംസ്ഥാനത്തെങ്ങും വലിയ സ്വീകാര്യത ഉണ്ടായെന്നതും അവരുടെ പ്രതീക്ഷയ്ക്ക് ആക്കം കൂട്ടുന്നു. അവസാനനാളുകളില്‍ രാഹുല്‍- പ്രിയങ്ക സന്ദര്‍ശനങ്ങള്‍ യു.ഡി.എഫിന്റെ പ്രകടനത്തിന് വലിയ മുതല്‍ക്കൂട്ടായെന്നും വോട്ടിങ്ങില്‍ പ്രതിഫലിക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം വിശ്വസിക്കുന്നു. സി.പി.എമ്മില്‍ സീറ്റ് നിഷേധിക്കപ്പെട്ട നേതാക്കളില്‍ പലരുടെയും മണ്ഡലങ്ങളില്‍ ചോര്‍ച്ചയും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു.
വെള്ളിയാഴ്ച ഏറണാകുളത്ത് ചേര്‍ന്ന ബി.ജെ.പി.യുടെ കോര്‍കമ്മിറ്റിയുടെ നിഗമനം അനുസരിച്ച് 30 സീറ്റുകളില്‍ അവര്‍ ഒന്നാമതോ രണ്ടാമതോ എത്തുമെന്നാണ് കണക്ക്്. ഈ നിഗമനം യാഥാര്‍ഥ്യമാവുകയാണെങ്കില്‍ രണ്ടുമുന്നണികള്‍ക്കും ഭയപ്പെടാനുണ്ട്. നിലവിലുള്ള 12-15 ശതമാനം വോട്ടുകള്‍ 18 മുതല്‍ 20 വരെയായി ഉയരുമെന്നാണ് ബി.ജെ.പി.യുടെ വിലയിരുത്തല്‍. അയ്യായിരത്തിന് താഴെമാത്രം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഉറപ്പാക്കിയ പല സീറ്റുകളും മുന്നണികള്‍ക്ക് കൈമോശംവരാന്‍ അത്തരമൊരു കണക്ക് കാരണമാകും. നേരിയ ശതമാനം വോട്ടിന്റെ വ്യത്യാസം പോലും ഭരണത്തിലേക്കുള്ള യാത്രയ്ക്ക് തടസ്സമാവുമെന്ന് ഇരുമുന്നണികള്‍ക്കും അറിയാം. അതുകൊണ്ടുതന്നെ ഞായറാഴ്ചയിലേക്കുള്ള ദിവസങ്ങള്‍ എണ്ണിത്തീര്‍ക്കുകയാണവര്‍.
