ആലപ്പുഴ : മന്ത്രി ജി.സുധാകരനെതിരെ പാർട്ടി യോഗത്തിൽ ഗുരുതരമായ ആരോപണം. അമ്പലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർഥി എം.ലിജുവിനെ സുധാകരൻ സഹായിച്ചുവെന്ന് പുറക്കാട് ലോക്കൽ കമ്മിറ്റി യോഗത്തിൽ വിമർശനം ഉയർന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ മന്ത്രി സംസാരിച്ചതിൽ നടപടി വേണമെന്ന ആവശ്യവും യോഗത്തിലുണ്ടായി. മന്ത്രിക്കെതിരായ പരാതിയിൽ യുവതിയും ഭർത്താവും ഉറച്ചുനിന്നതോടെ ജില്ലാ കമ്മിറ്റി മുൻകൈയെടുത്ത സമവായനീക്കം രണ്ടാംതവണയും പരാജയപ്പെട്ടു.
മന്ത്രിക്കെതിരെ ഉയർന്ന പരാതിയിൽ സമവായം തേടിയാണ് പാർട്ടി ജില്ലാ കമ്മിറ്റി ഓഫിസിൽ പുറക്കാട് ലോക്കൽ കമ്മിറ്റി യോഗം ചേർന്നത്. എന്നാൽ രണ്ടാംതവണയും ജില്ലാ നേതൃത്വത്തിന്റെ നിർദേശങ്ങളെ ലോക്കൽ കമ്മിറ്റി അംഗങ്ങൾ തള്ളി. യോഗത്തിനെത്തിയ 12 ലോക്കൽ കമ്മിറ്റി അംഗങ്ങളിൽ 11 പേരും സുധാകരനെതിരെ സംസാരിച്ചു. സ്ത്രീത്വത്തെ അപമാനിക്കുന്ന നിലയിൽ മുൻപും മന്ത്രി സംസാരിച്ചിട്ടുണ്ടെന്നും സംഘടനാപരമായ താക്കീത് മന്ത്രിക്കു നൽകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
ഇതിനിടെയാണു ഗുരുതരമായ ആരോപണവും മന്ത്രിക്കെതിരെ നടത്തിയത്. വിവാദ വിഷയത്തിൽ ഭൂരിഭാഗം കോൺഗ്രസ് നേതാക്കളും സുധാകരനെ കുറ്റപ്പെടുത്തിയപ്പോൾ എം.ലിജു അദ്ദേഹത്തെ പിന്തുണച്ചിരുന്നു. തിരഞ്ഞെടുപ്പിൽ സുധാകരന്റെ ഭാഗത്തുനിന്നു ലഭിച്ച സഹായത്തിനുള്ള നന്ദിയാണു ലിജു പരസ്യപ്പെടുത്തിയത് എന്നായിരുന്നു ലോക്കൽ കമ്മിറ്റി അംഗങ്ങളിൽ ചിലരുടെ വിമർശനം. അമ്പലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എച്ച്.സലാം കൂടി പങ്കെടുത്ത യോഗത്തിലാണ് മന്ത്രിക്കെതിരെ വിമർശനം ഉയർന്നത്.
ജില്ലാ സെക്രട്ടറിയോ സലാമോ മറ്റൊരു ജില്ലാ സെക്രട്ടറിയേറ്റ് അംഗമോ പ്രാദേശിക നേതാക്കളുടെ വിമർശനങ്ങളെ എതിർത്തില്ല. പൊലീസ് കേസ് ഒഴിവാക്കി പാർട്ടിതലത്തിൽ പ്രശ്നം പരിഹരിക്കാമെന്ന ജില്ലാ സെക്രട്ടറിയുടെ അഭിപ്രായത്തോടു ഭൂരിഭാഗം അംഗങ്ങളും യോജിച്ചുമില്ല. യുവതി പരാതിയുമായി മുന്നോട്ടു പോകട്ടെയെന്നു കമ്മിറ്റി അംഗങ്ങൾ നിലപാടെടുത്തു. പരാതിക്കാരിയുടെ ഭർത്താവായ മന്ത്രിയുടെ മുൻ പഴ്സനൽ സ്റ്റാഫ് അംഗവും യോഗത്തിൽ പങ്കെടുത്തു. അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമായിരുന്നില്ല എന്ന വിമർശനങ്ങളെ പ്രതിരോധിക്കുന്നതിനിടെയാണു മന്ത്രിക്കെതിരെ അടുത്ത ആരോപണമുണ്ടായിരിക്കുന്നത്.
