തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സീന്‍ നയത്തിനെതിരെ കേരളത്തില്‍ രൂപംകൊണ്ട വാക്‌സീന്‍ ചാലഞ്ചിന് പിന്തുണയേകി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും രാജ്യസഭാ എംപിയുമായ ജോണ്‍ ബ്രിട്ടാസ്. ചാലഞ്ച് ഏറ്റെടുത്ത് ഒരു ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അദ്ദേഹം സംഭാവന ചെയ്തത്.
കേന്ദ്രം വാക്‌സീന് പണം ഈടാക്കുമെന്ന് അറിയിച്ചപ്പോള്‍, സംസ്ഥാനത്ത് എല്ലാവര്‍ക്കും സൗജന്യമായി ലഭ്യമാക്കുമെന്ന നിലപാടാണ് കേരളം സ്വീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന വൈറലായതോടെ പലരും വാക്‌സീനാവശ്യമായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ തുടങ്ങിയിരുന്നു. ഈ വാക്‌സീന്‍ ചാലഞ്ച് ക്യാംപെയ്‌നിലാണ് ജോണ്‍ ബ്രിട്ടാസും ഭാഗമായത്.
