കോഴിക്കോട്: തൃശൂരിൽ വാഹനത്തിൽനിന്ന് ദേശീയപാർട്ടിയുടേതെന്നു കരുതുന്ന, രേഖകളില്ലാത്ത പണം പിടികൂടിയ സംഭവത്തിൽ ഇഡിക്ക് പരാതി ലഭിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊണ്ടുവന്ന കള്ളപ്പണമാണ് പിടികൂടിയതെന്ന് ആരോപിച്ചാണ് പരാതി നൽകിയത്.
ലോക്താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡന്റ് സലീം മടവൂരാണ് പരാതിപ്പെട്ടത്. ഏപ്രിൽ 3ന് രാവിലെ കോഴിക്കോടു ഭാഗത്തുനിന്ന് ദേശീയപാതയിലൂടെ സഞ്ചരിക്കുകയായിരുന്ന കാർ തൃശൂർ കൊടകരയിൽവച്ച് മറ്റൊരു കാറിലെത്തിയ സംഘം തട്ടിയെടുക്കുകയും പിന്നീട് കാർ ഉപേക്ഷിക്കുകയുമായിരുന്നു. 25 ലക്ഷം നഷ്ടപ്പെട്ടതായി കൊടകര പൊലീസ് സ്റ്റേഷനിൽ ഒരാൾ പരാതിയും നൽകിയിരുന്നു. എന്നാൽ രേഖകളില്ലാത്ത പണം കടത്തിയതിനാലാണ് ബാക്കി തുക സൂചിപ്പിക്കാതിരുന്നതെന്നു പരാതിയിൽ പറയുന്നു. തിരഞ്ഞെടുപ്പുഫണ്ട് അക്കൗണ്ടിലൂടെ മാത്രമേ കൈമാറാവൂ എന്നിരിക്കെ പാതിരാത്രിയിൽ കടത്താൻ ശ്രമിച്ചത് കള്ളപ്പണമാണെന്നു വ്യക്തമാണെന്നും സലീം മടവൂർ പറഞ്ഞു.
തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിലാണ് ഇത്തരത്തിൽ പണം കടത്തിയത്. ഒരു ജില്ലയിലേക്ക് അവസാനവട്ട ചെലവിനായി നൽകിയതാണ് മൂന്നരക്കോടിയെന്നാണ് ഊഹിക്കേണ്ടതെന്നും സലീം മടവൂർ പറഞ്ഞു. ഇത്തരത്തിൽ കോടികൾ ഒഴുക്കി ജനാധിപത്യസമ്പ്രദായത്തെ അട്ടിമറിക്കാനുള്ള ശ്രമം തടയണമെന്നാവശ്യപ്പെട്ടാണ് ഇഡിക്ക് പരാതി നൽകിയതെന്നു സലീം മടവൂർ പറഞ്ഞു.
