സമൂഹമാധ്യമങ്ങളിലെ ചർച്ചകളിൽ നിറഞ്ഞുനിൽക്കുകയാണ് ദിലീഷ് പോത്തൻ ചിത്രം ജോജി. ചിത്രത്തിൽ ജോമോൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ബാബുരാജിന്റെ കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. പനച്ചിൽ തറവാടിന്റെ തകർച്ചയ്ക്കു കാരണം ബിൻസിയാണ് ബിൻസി കുടുംബത്തിൽ കാലുകുത്തിയ ഉടനെയാണ് ഭാര്യ ഗ്രേസി വീട് വിട്ടുപോയതെന്നും ഇപ്പോൾ മകൻ പോപ്പിയുടെ കാര്യത്തിലും പേടിയുണ്ടെന്നും ജോമോൻ പറയുന്നു.’...കേട്ടാൽ തോന്നും ജോജി സിനിമയുടെ രണ്ടാം ഭാഗമാണെന്ന്. ഫഹദിനും ബിൻസിയെ അവതരിപ്പിച്ച ഉണ്ണിമായയുമൊത്തുള്ള ചിത്രം പങ്കുവച്ചായിരുന്നു ബാബുരാജിന്റെ രസകരമായ ഈ കുറിപ്പ്.
ബാബുരാജിന്റെ ഫേസ്ബുക്ക് പോസ്‌റ്റിങ്ങനെ:
‘ബിൻസി ...പനച്ചില്‍ തറവാടിന്റെ തകർച്ചക്ക് കാരണം, ജെയ്സൺ ഇവരെ കെട്ടിക്കൊണ്ട് വന്നതാണെന്ന് തന്നെ വേണം പറയാൻ. വളരെ ചെറുപ്പത്തിലേ അമ്മ മരിച്ചു പോയ ഞങ്ങളെ അപ്പൻ ഇത്തിരി സ്ട്രിക്ട് ആയാണ് വളർത്തിയത് എന്നത് സത്യമാണ്. ബിൻസി കുടുംബത്തിൽ വന്ന ഉടനെ എന്റെ ഭാര്യ ഗ്രേസി വീട് വിട്ടു പോയി, എന്നെയും ഭാര്യയെയും തമ്മിൽ തെറ്റിച്ചതും അവസാനം പൊലീസ് കേസ് ആക്കിയതും എല്ലാം ബിൻസിയുടെ ഇടപെടലുകൾ ആണ്.. ഇപ്പൊ അവസാനം എന്തായി ....സ്വത്തുക്കൾ എല്ലാം അവർക്കു മാത്രമായി. എന്റെ അനിയൻ പാവമാണ്, മകൻ പോപ്പിയുടെ കാര്യത്തിലും പേടിയില്ലാതില്ല.’–ബാബുരാജ് കുറിച്ചു.
നടൻ ബാബുരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പെർഫോമൻസ് ആയാണ് ജോമോൻ എന്ന കഥാപാത്രത്തെ പ്രേക്ഷകർ വാഴ്ത്തുന്നത്. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ജോജിയുടെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് ശ്യാം പുഷ്കരൻ..
