പാനൂർ കണ്ണൂർ പാനൂരിലെ യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതക കേസിൽ പതിനൊന്നു പ്രതികളും സിപിഎം - ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് എഫ്ഐആർ. റിമാൻഡിലുള്ള ഷിനോസിനെ കൂടാതെ രതീഷ്, സംഗീത്, ശ്രീരാഗ്, സുഹൈൽ, സജീവൻ, അശ്വന്ത്, ശശി, സുമേഷ്, ജാബിർ, നാസർ എന്നിവര്‍ അക്രമിസംഘത്തിൽ ഉണ്ടായിരുന്നതായി പ്രഥമ വിവര റിപ്പോർട്ടിൽ പറയുന്നുത്. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് ബോംബ് എറിഞ്ഞത്. എഫ്ഐആറിൽ പേരുള്ള രതീഷ് ഇന്നലെ ആത്മഹത്യ ചെയ്തിരുന്നു. ഡിവൈഎഫ്ഐ മേഖല ട്രഷററും ആകാശ് തില്ലങ്കേരിയുടെ സുഹൃത്തുമായ സുഹൈലാണ് കൊലപാതക സംഘത്തിന് നേതൃത്വം കൊടുത്തതെന്നാണ് സൂചന. സുഹൈലിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. കണ്ടാലറിയാവുന്ന പതിനാലു പേരടക്കം ഇരുപത്തിയഞ്ചംഗ സംഘമാണ് മൻസൂറിനെയും സഹോദരനെയും അക്രമിച്ചത്.
കൊലപാതകത്തിൽ സിപിഎം പ്രവർത്തകരുടെ പങ്ക് വ്യക്തമാക്കുന്ന തെളിവ് ഷിനോസിന്റെ മൊബൈൽ ഫോണിൽ നിന്നു ലഭിച്ചു. ഫോൺ കൊലപാതകം നടന്ന സ്ഥലത്തു നിന്നാണു പോലീസിനു ലഭിച്ചത്. കൊല്ലപ്പെട്ട മൻസൂറിന്റെ സഹോദരൻ മുഹ്സിനെ ലക്ഷ്യമിട്ടായിരുന്നു അക്രമമെന്നാണ് പോലീസിനു ലഭിച്ച വിവരം. ഇതിനായി ആയുധങ്ങൾ ശേഖരിച്ചത് വാട്സാപ് സന്ദേശത്തിലൂടെയെന്നാണു കരുതുന്നത്. ചില സന്ദേശങ്ങൾ ഡിലീറ്റ് ചെയ്തതായും കണ്ടെത്തി. സംഭവത്തിലെ മുഖ്യ സൂത്രധാരനെന്നു കരുതുന്ന ഡിവൈഎഫ്ഐ പ്രാദേശികനേതാവ് കെ.സുഹൈലിനെയും ശ്രീരാഗിനെയും ഷിനോസ് ഫോണിൽ പലതവണ വിളിച്ചതായി കണ്ടെത്തി. ഫോൺ വിശദ പരിശോധനയ്ക്കായി സൈബർ സെല്ലിനു കൈമാറി.അക്രമികൾ സഞ്ചരിച്ച വഴിയിലെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ ശേഖരിച്ചതായി വിവരമുണ്ട്. ഇതിൽ നിന്നു നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണു കരുതുന്നത്. തുടക്കത്തിൽ കേസ് അന്വേഷിച്ചിരുന്ന ചൊക്ലി പൊലീസ് ഇൻസ്പെക്ടർ സി.കെ.സുഭാഷ് അന്വേഷണ ചുമതല ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഇസ്മയിലിനു കൈമാറി. പ്രാഥമിക നടപടി ആരംഭിച്ചതേയുള്ളൂവെന്ന് ഇസ്മയിൽ പറഞ്ഞു. പ്രതികൾ ഒളിവിലാണെന്നും അന്വേഷണ സംഘം രണ്ടായി തിരിഞ്ഞ് അന്വേഷിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു.
കേസ് അട്ടിമറിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് സ്ഥലം സന്ദർശിച്ച കെ.മുരളീധരൻ എംപി പറഞ്ഞു. സിപിഎം സഹയാത്രികനായ അന്വേഷണ ഉദ്യോഗസ്ഥനിൽ നിന്നു നീതി കിട്ടുമെന്നു കരുതുന്നില്ലെന്ന് കെ.സുധാകരൻ എംപിയും പറഞ്ഞു. ഐപിഎസ് ഉദ്യോഗസ്ഥൻ നയിക്കുന്ന സ്പെഷൻ ടീമിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് യുഡിഎഫിന്റെ ആവശ്യം.
മൻസൂർ കേസ് അന്വേഷണം അട്ടിമറിക്കാനുള്ള സർക്കാർ നീക്കം നടക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
കൊലപാതകത്തെ തുടർന്ന് ചൊക്ലി, കൊളവല്ലൂർ സ്റ്റേഷൻ പരിധിയിൽ നടന്ന അക്രമ സംഭവങ്ങളിൽ അറസ്റ്റിലായ 20 പേർ റിമാൻഡിലാണ്. സ്ഥലത്ത് പോലീസ് ജാഗ്രതയിലാണ്.
തലശ്ശേരി, കൂത്തുപറമ്പ് എസിപി മാരുടെ നേൃത്വത്തിലാണു സുരക്ഷാ സംവിധാനങ്ങൾ. ഇന്നലെ അനിഷ്ട സംഭവങ്ങൾ ഒന്നും ഉണ്ടായില്ല. അക്രമ സംഭവത്തിന്റെ പേരിൽ പാർട്ടി പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കുന്നതായി മുസ്‌ലിം ലീഗ് നേതൃത്വം ആരോപിച്ചു. വിലാപയാത്രയ്ക്കിടെ പ്രദേശത്ത് നടന്ന അക്രമത്തിൽ 50 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി സിപിഎം പറയുന്നു. മൻസൂറിന്റെ കൊലപാതകത്തിലും സിപിഎം അക്രമത്തിലും പ്രതിഷേധിച്ച് ഇന്ന് 10ന് പാനൂർ ഹൈസ്കൂൾ ഗ്രൗണ്ടിൽ യുഡിഎഫ് കൂട്ടായ്മ സംഘടിപ്പിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. പി.കെ.കുഞ്ഞാലിക്കുട്ടി, കെ.സുധാകരൻ എംപി, കെ.മുരളീധരൻ എംപി തുടങ്ങിയവർ പങ്കെടുക്കും.
