കണ്ണൂര്‍: സ്വജനപക്ഷപാതിത്വം കാട്ടിയ മന്ത്രി കെ.ടി ജലീല്‍ രാജിവെച്ച സ്ഥിതിക്ക് ബന്ധുനിയമന ഫയലില്‍ ഒപ്പിട്ട മുഖ്യമന്ത്രി പിണറായി വിജയനും രാജിവെക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ ആവശ്യപ്പെട്ടു. ജലീല്‍ മാത്രം രാജിവച്ചാല്‍ പോരാ ജലീല്‍ ഒപ്പിടുന്നതിന് മുമ്പ് ആ ഫയല്‍ മുഖ്യമന്ത്രി കണ്ടിട്ടുണ്ട്. മുഖ്യമന്ത്രി ആ ഫയലില്‍ ഒപ്പിട്ടിട്ടുണ്ട്. മുഖ്യമന്ത്രി ഒപ്പിട്ടില്ലായിരുന്നെങ്കില്‍ ആ ഉത്തരവ് നടപ്പിലാകില്ലായിരുന്നുവെന്നും സുധാകരന്‍ വ്യക്തമാക്കി.
അപ്പോ മുഖ്യമന്ത്രി കൂടി അംഗീകരിച്ച് ഒപ്പിട്ട ഒരു ഫയലില്‍ ജലീലിനെ മാത്രം ശിക്ഷിക്കുന്നത് എങ്ങനെ. ധാര്‍മികതയെക്കുറിച്ച് പൊങ്ങച്ചം പറയുന്നവര്‍ താഴെ വീഴും എന്ന് കണ്ടപ്പോള്‍ രാജിവച്ച ജലീലിന് എന്ത് ധാര്‍മികതയെന്നും അദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രി ധാര്‍മികത കാണിക്കണം. മുഖ്യമന്ത്രി അംഗീകരിച്ച ഫയലാണ്. ആ മുഖ്യമന്ത്രി രാജിവെക്കേണ്ടേ. എന്തുകൊണ്ടാ രാജിവെക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.മന്‍സൂറിന്റേതും രതീഷിന്റേതും സിപിഎം നടത്തിയ കൊലപാതകമാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു. വേണമെങ്കില്‍ പോലീസിന് തന്നെ ചോദ്യം ചെയ്യാം. എം.വി ജയരാജന് അന്വേഷണം നേരിടാന്‍ ധൈര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
