ന്യൂഡല്‍ഹി: കോവിഡ് മഹാമാരി പോലെയുള്ള ദേശീയ ദുരന്തം ഉണ്ടാകുമ്പോള്‍ മൂകസാക്ഷിയായി ഇരിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. വാക്‌സിന് വ്യത്യസ്ത വില ഈടാക്കുന്ന ഉത്പാദകരുടെ നടപടിയില്‍ ഇടപെടാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഓക്‌സിജന്റെയും മരുന്നിന്റെയും വിതരണത്തിനുള്ള രൂപരേഖ കൈമാറാന്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.
കോവിഡ് പ്രതിസന്ധിയില്‍ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേയാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് സുപ്രീം കോടതിക്ക് മൂകസാക്ഷിയായി ഇരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയത്. ദേശീയ പ്രാധാന്യമുള്ള ചില വിഷയങ്ങളില്‍ സുപ്രീം കോടതിക്ക് ഇടപെടേണ്ടി വരും. എന്നാല്‍ കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് വിവിധ ഹൈക്കോടതികള്‍ പരിഗണിക്കുന്ന കേസുകളിലെ നടപടികള്‍ തടയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഹൈക്കോടതികളെ സഹായിക്കുന്ന നടപടി സുപ്രീം കോടതിയില്‍നിന്നും ഉണ്ടാകുമെന്നും ബെഞ്ച് അറിയിച്ചു. വാക്‌സിന്റെ വിലനിര്‍ണയം സംബന്ധിച്ച നിലപാട് അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ആക്ട്, പേറ്റന്റ് ആക്ട് എന്നിവയുടെ അടിസ്ഥാനത്തില്‍ വാക്‌സിന്‍ വില നിര്‍ണയത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. ദേശീയ ദുരന്തമായി മഹാമാരി മാറുമ്പോള്‍ ഇടപെട്ടില്ലെങ്കില്‍ പിന്നെ എപ്പോള്‍ ഇടപെടുമെന്നും കേന്ദ്രസര്‍ക്കാരിനോട് കോടതി ആരാഞ്ഞു. രാജ്യത്തിന് എത്ര വാക്‌സിന്‍ ആവശ്യമായി വരുമെന്ന് വ്യക്തമാക്കാനും കോടതി നിര്‍ദേശിച്ചു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വീകരിച്ച നടപടികള്‍ സര്‍ക്കാരുകള്‍ ജനങ്ങളെ അറിയിക്കണം. സ്വമേധയാ എടുത്ത കേസില്‍ അമിക്കസ് ക്യുറിമാരായി സീനിയര്‍ അഭിഭാഷകര്‍ ആയ ജയ്ദീപ് ഗുപ്ത, മീനാക്ഷി അറോറ എന്നിവരെ കോടതി നിയമിച്ചു. കേസ് വെള്ളിയാഴ്ച ഉച്ചക്ക് ശേഷം പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി.
