Hot Posts

6/recent/ticker-posts

എന്തുകൊണ്ടാണു വാക്സീനുകൾക്ക് ‘ഒരു രാഷ്ട്രം, ഒരു വില’ ലഭിക്കാത്തത്? വിമർശനവുമായി കോൺഗ്രസ് - BMTV






ന്യൂഡൽഹി: കോവിഡ് പ്രതിരോധം വർധിപ്പിക്കാൻ 18 വയസ്സിനു മുകളിലുള്ള എല്ലാവരെയും ഉൾപ്പെടുത്തി വാക്സിനേഷൻ നയം പുതുക്കിയതിനു പിന്നാലെ കേന്ദ്രത്തിനെതിരെ വിമർശനവുമായി കോൺഗ്രസ്. പരിഷ്കരിച്ച നയം കേന്ദ്രത്തിന് ഉത്തരവാദിത്തത്തിൽനിന്ന് ഒളിച്ചോടാൻ അവസരമൊരുക്കുന്നെന്നും സംസ്ഥാനങ്ങൾക്കുമേൽ അമിതഭാരം ചുമത്തുന്നുവെന്നും വാക്സീൻ നിർമാതാക്കളെ ലാഭമുണ്ടാക്കാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും കോൺഗ്രസ് ആരോപിച്ചു.


‘ലോകത്ത് ഒരിടത്തും ഒരു സർക്കാരും വിപണിയുടെ ബുദ്ധിചാപല്യങ്ങൾ നിശ്ചയിക്കുന്ന തരത്തിൽ വാക്സിനേഷൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ല. ഒരു രാഷ്ട്രം ഒരു നികുതി, ഒരു രാഷ്ട്രം ഒരു തിരഞ്ഞെടുപ്പ് എന്നിവയിൽ വിശ്വസിക്കുന്ന സർക്കാരാണിത്. പക്ഷേ ഒരു രാഷ്ട്രം, ഒരു വില എന്നതിൽ അവർ വിശ്വസിക്കുന്നില്ല. എന്തുകൊണ്ടാണു വാക്സീനുകൾക്ക് ‘ഒരു രാഷ്ട്രം, ഒരു വില’ ലഭിക്കാത്തത്? ഇത് നിയമാനുസൃതമായ ആവശ്യമാണെന്നു കരുതുന്നു’– മുൻ കേന്ദ്രമന്ത്രിമാരായ പി.ചിദംബരം, അജയ് മാക്കൻ എന്നിവർക്കൊപ്പം സംയുക്ത വാർത്താസമ്മേളനത്തിൽ ജയ്‍റാം രമേശ് അഭിപ്രായപ്പെട്ടു.
പുതിയ നയം അനുസരിച്ച്, മേയ് 1 മുതൽ വാക്സീൻ നിർമാതാക്കൾക്ക് നേരിട്ട് സംസ്ഥാന സർക്കാരുകൾക്ക് 50% ഡോസ് വിതരണം ചെയ്യാൻ സ്വാതന്ത്ര്യമുണ്ട്. പൊതുവിപണിയിലും വില മുൻകൂറായി പ്രഖ്യാപിച്ചു വിൽക്കാനാകും. കേന്ദ്ര സർക്കാരിന്റെ നടപടി വളരെ അന്യായമാണെന്നു കോൺഗ്രസ് ചൂണ്ടിക്കാട്ടി. ‘സംസ്ഥാനങ്ങൾക്കു കൂടുതൽ ഉത്തരവാദിത്തം ലഭിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. പക്ഷേ ഇതു യഥാർഥത്തിൽ സംസ്ഥാനങ്ങൾക്ക് ഒരു ഉത്തരവാദിത്തവും നൽകുന്നില്ല. ഒരു രാഷ്ട്രം, ഒരു വില ആവശ്യമാണ്. ഒരു രാഷ്ട്രം, ഒന്നിലധികം വിലകൾ ഉണ്ടാകരുത്’– ജയ്റാം രമേശ് വ്യക്തമാക്കി.
‘വാക്സീൻ വിവേചനം’ എന്നാണു മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കേന്ദ്ര തീരുമാനത്തെ വിശേഷിപ്പിച്ചത്. കേന്ദ്രത്തിന്റെ കഴിവില്ലായ്മയും അലംഭാവവും കാരണമാണ് ഇന്ത്യ ഇപ്പോൾ ഓക്സിജനുവേണ്ടി പ്രയാസപ്പെടുന്നത്. 18-45 വയസ്സ് പ്രായമുള്ളവർക്കു സൗജന്യ വാക്സീനുകൾ ഇല്ല. വില നിയന്ത്രണമില്ലാതെ ഇടനിലക്കാരെ കൊണ്ടുവന്നു. ദുർബല വിഭാഗങ്ങൾക്കു വാക്സീൻ ഗ്യാരന്റി ഇല്ല. ഇന്ത്യൻ സർക്കാരിന്റേത് വാക്സീൻ വിവേചന– വിതരണ രഹിത- തന്ത്രമാണെന്നും രാഹുൽ ട്വീറ്റ് ചെയ്തു.
Reactions