Hot Posts

6/recent/ticker-posts

രാജ്യം ഭീതിയിൽ; പ്രതിദിന രോഗബാധ മൂന്നര ലക്ഷത്തിലേക്ക് - BMTV




ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് കേസുകള്‍ ഭയാനകമായി ഉയരുന്നു. പ്രതിദിന രോഗബാധ മൂന്നര ലക്ഷത്തിലേക്ക് അടുക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 3,46,786  പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മന്ത്രാലയം അറിയിച്ചു. കോവിഡ് മഹാമാരി ആരംഭിച്ചതിനു ശേഷം ലോകത്ത് ഒരു രാജ്യത്തുണ്ടാകുന്ന ഏറ്റവും കൂടിയ പ്രതിദിന രോഗബാധയാണിത്. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് രാജ്യത്തെ കോവിഡ് കേസുകള്‍ മൂന്ന് ലക്ഷം പിന്നിടുന്നത്. 
കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം 2,624 പേര്‍ മരിച്ചതായും മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണനിരക്കാണിത്. 24 മണിക്കൂറിനിടെ 2,19,838  പേര്‍ രോഗമുക്തരായി.  
ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം 1,66,10,481 ആയി ഉയര്‍ന്നു. മരണസംഖ്യ 1,89,544 ആയി. നിലവില്‍ ഇന്ത്യയില്‍ 25,52,940 സജീവ രോഗികളുണ്ട്. രോഗമുക്തരായവരുടെ എണ്ണം 1,38,67,997 ആണ്. കഴിഞ്ഞ ദിവസം 3,32,730 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 13,83,79,832 പേര്‍ ഇതുവരെ വാക്സിന്‍ സ്വീകരിച്ചു. 
കോവിഡ് കുതിച്ചുയരുമ്പോഴും പല സംസ്ഥാനങ്ങളിലും ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായി തുടരുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കേരളം ഉള്‍പ്പെടെ മിക്ക സംസ്ഥാനങ്ങളും കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വാരാന്ത ലോക്ഡൗണ്‍ നടപ്പാക്കുന്നുണ്ട്.
Reactions