തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വാക്സീൻ ക്ഷാമം രൂക്ഷമാകുന്നു. മിക്ക മെഗാ വാക്സീൻ ക്യാംപുകളും നിലച്ചു. 50 ലക്ഷം ഡോസ് കേന്ദ്രത്തോട് ആവശ്യപ്പെട്ടെങ്കിലും മൂന്നു ദിവസത്തിനിടയില്‍ 3 ലക്ഷത്തിൽ താഴെ ഡോസാണു ലഭിച്ചത്. 4 ലക്ഷത്തിൽ താഴെ ഡോസുകളാണു നിലവില്‍ സ്റ്റോക്കുള്ളത്. ദിവസേന 2.5 ലക്ഷം പേർക്കു നൽകാന്‍ ലക്ഷ്യമിട്ടിരുന്നെങ്കിലും വാക്സീൻ ലഭിക്കാത്തതു തിരിച്ചടിയായി. സർക്കാർ ഫണ്ട് ഉപയോഗിച്ച് വാക്സീൻ വാങ്ങാൻ കഴിയുമോ എന്നും ആലോചിക്കുന്നുണ്ട്.
തിരുവനന്തപുരത്ത് 158 വാക്സീൻ കേന്ദ്രങ്ങളിൽ 28 കേന്ദ്രങ്ങളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. തലസ്ഥാനത്തെ പ്രധാന വാക്സിനേഷന്‍ കേന്ദ്രമായ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടത്തിയിരുന്ന ക്യാംപ് മുടങ്ങി. അറിയിപ്പുണ്ടാകുന്നതുവരെ വാക്സിനേഷൻ ഉണ്ടായിരിക്കുന്നതല്ലെന്നു സ്റ്റേഡിയത്തിനു പുറത്തു നോട്ടിസ് പതിച്ചു. അധികൃതരുടെ ഭാഗത്ത് ഏകോപനമില്ലാത്തതു കുത്തിവയ്പ് എടുക്കാനെത്തുന്നവരെ വലച്ചു. ഒരു ഡോസെടുത്തശേഷം അടുത്ത ഡോസെടുക്കാൻ വന്ന മുതിർന്ന പൗരൻമാർക്കു വാക്സീനില്ലാത്തതിനാൽ മടങ്ങേണ്ടിവന്നു.
ഒരു ദിവസം മുഴുവൻ കാത്തുനിന്നശേഷം പിറ്റേന്നു വരാൻ അധികൃതർ നിർദേശിച്ച പലർക്കും ദിവസങ്ങൾ കഴിഞ്ഞിട്ടും വാക്സീനെടുക്കാൻ കഴിയാത്ത അവസ്ഥയുമുണ്ട്. വാക്സീൻ എന്നു കിട്ടുമെന്ന് അറിയാത്തതിനാൽ കൃത്യമായ നിർദേശം നൽകാൻ ആരോഗ്യവകുപ്പ് ജീവനക്കാർക്കും കഴിയുന്നില്ല. വാക്സീൻ സ്റ്റോക്കുള്ള ക്യാംപുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ശാരീരിക അകലം പാലിക്കാതെ ജനം കൂട്ടംകൂടിയതോടെ പൊലീസെത്തിയാണ് ടോക്കണുകൾ വിതരണം ചെയ്തത്.
കഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ച് സംസ്ഥാനത്ത് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത് 12,281 പേരാണ്. ചികിത്സയിലുള്ളത് 1,03,004 പേർ. ആകെ നിരീക്ഷണത്തിലുള്ളവർ 2,47,158 പേർ. 889 പേരാണ് ഐസിയുവിലുള്ളത്. വെന്റിലേറ്ററിൽ 248 പേരുണ്ട്. സിഎഫ്എൽടിസികളുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ കലക്ടർമാർക്കു നിർദേശം നൽകി. സ്വകാര്യ ആശുപത്രികളുമായി സഹകരിച്ചു ചികിത്സാ സൗകര്യം ശക്തമാക്കാനും നടപടികൾ ആരംഭിച്ചു. സ്വകാര്യ ആശുപത്രികളിൽ 20 ശതമാനം കിടക്കകൾ കോവിഡ് രോഗികൾക്കു മാറ്റിവയ്ക്കാനും നിര്‍ദേശം നൽകി.
