ന്യൂഡൽഹി: മാരുതി സുസൂക്കി കമ്പനിയുടെ മുൻ എംഡി ജഗദീഷ് ഖട്ടർ(78) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു മരണം. 1993 മുതൽ 2007 വരെ മാരുതിയിൽ സേവനം അനുഷ്ഠിച്ചു. മാർക്കറ്റിങ് വിഭാഗത്തിന്റെ ഡയറക്ടറായി സേവനം തുടങ്ങിയ ഖട്ടർ 1999ലാണ് സർക്കാരിന്റെ നോമിനിയായി എംഡി സ്ഥാനത്തെത്തിയത്. പിന്നീട് 2002ൽ സുസൂക്കി മോട്ടർ കോർപ്പറേഷൻ നോമിനിയായും അദ്ദേഹം തുടർന്നു.
ഓട്ടമൊബീൽ സെയിൽസ് - സർവീസ് കമ്പനിയായ കാർനേഷന്റെ സ്ഥാപകൻ കൂടിയാണ് ഖട്ടർ. ഈ കമ്പനി 2018ൽ മഹീന്ദ്ര ഫസ്റ്റ് ചോയിസ് ഈ കമ്പനി വാങ്ങി. ഐഎഎസുകാരനായി സംസ്ഥാന, കേന്ദ്ര സർവീസുകളിൽ പ്രവർത്തിച്ചശേഷമാണ് മാരുതിയിൽ ഖട്ടർ എത്തുന്നത്. കേന്ദ്ര സ്റ്റീൽ മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയായിരുന്നു. യുപി സർക്കാരിൽ വിവിധ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്നു.
വർഷങ്ങളോളം മാരുതി സുസുക്കിയുടെ ‘മുഖ’മായിരുന്നു ജഗദീഷ് ഖട്ടർ. ഐഎഎസിൽനിന്ന് അന്നത്തെ മാരുതി ഉദ്യോഗ് ലിമിറ്റഡിന്റെ മേധാവിയായി ചുമതലയേറ്റ ഖട്ടർ 10 വർഷത്തോളമാണു രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളെ നയിച്ചത്. വിജയ പരമ്പരകൾക്കൊടുവിൽ പ്രായം 65 എത്തിയതോടെ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്‌ടർ സ്‌ഥാനത്തു നിന്നു വിരമിച്ച ഖട്ടർ വിശ്രമജീവിതമല്ല തിരഞ്ഞെടുത്തത്; പകരം പുത്തൻ മേഖലകളിൽ വ്യക്‌തിമുദ്ര പതിപ്പിക്കാനുള്ള ശ്രമമായിരുന്നു അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. സ്വതന്ത്ര മൾട്ടി ബ്രാൻഡ് ഓട്ടോ സെയിൽസ് - സർവീസ് ശൃംഖല കാർനേഷൻ സ്‌ഥാപിച്ചു ‘സംരംഭകനായ മാനേജർ’ ആയി മാറി.
