തിരുവനന്തപുരം: ക്രഷിങ് ദ കര്‍വ് കര്‍മ പദ്ധതിയിലൂടെ ആരോഗ്യവകുപ്പ് തുടക്കമിട്ട മെഗാ വാക്‌സിനേഷന് വാക്‌സിന്‍ ക്ഷാമം തിരിച്ചടിയാകുന്നു. തിരുവനന്തപുരത്തും എറണാകുളത്തും ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ കോവീഷീല്‍ഡ് വാക്‌സിന്‍ സ്റ്റോക്ക് പൂര്‍ണമായും തീര്‍ന്നു. എറണാകുളത്തെ മേഖല സംഭരണ കേന്ദ്രത്തിലും കോവീഷീല്‍ഡ് സ്‌റ്റോക്കില്ല.
രണ്ട് ലക്ഷം കോവാക്‌സിന്‍ കഴിഞ്ഞ ദിവസം സംസ്ഥാനത്ത് എത്തിച്ചിരുന്നെങ്കിലും കോവാക്‌സിന്റെ തുടര്‍ലഭ്യത സംബന്ധിച്ച് വ്യക്തത ഇല്ലാത്തതിനാല്‍ ഇത് മെഗാ വാക്‌സിനേഷന് തത്കാലം ഉപയോഗിക്കേണ്ടെന്നാണ് തീരുമാനം. അതിനാല്‍ മിക്ക ജില്ലകളിലും ഇന്ന് മെഗാ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ മുടങ്ങും.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രികളിലും ഗ്രാമീണ മേഖലകളിലെ സര്‍ക്കാര്‍ ആശുപത്രികളിലും ചൊവ്വാഴ്ച തന്നെ വാക്‌സിനേഷന്‍ തടസപ്പെട്ടിരുന്നു. കോവീഷീല്‍ഡ് രണ്ടാം ഡോസ് കുത്തിവെപ്പെടുക്കാന്‍ എത്തിയവര്‍ക്കും വാക്‌സിന്‍ ഇല്ലാത്തതിനാല്‍ മടങ്ങിപ്പോകേണ്ടിവന്നു. ചില ആശുപത്രികളില്‍ ഇന്ന് കോവാക്‌സിന്‍ ലഭ്യമാകുമെങ്കിലും കോവീഷീല്‍ഡ് രണ്ടാം ഡോസ് കുത്തിവെപ്പ് നടക്കില്ല.
ഇന്ന് വൈകീട്ട് കൂടുതല്‍ ഡോസ് കോവീഷീല്‍ഡ് വാക്‌സിന്‍ എത്തുമെന്നാണ് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നത്. വാക്‌സിന്‍ എത്തി ജില്ലകളിലേക്ക് കൈമാറിയാല്‍ മാത്രമേ നാളെ മെഗാ ക്യാമ്പുകള്‍ പുനരാരംഭിക്കാന്‍ കഴിയു.
മാസ് വാക്‌സിനേഷന്റെ രണ്ടാംദിനമായ തിങ്കളാഴ്ച 2.65 ലക്ഷത്തിലേറെ പേര്‍ക്ക് വാക്‌സിന്‍ നല്‍കിയിരുന്നു. എന്നാല്‍ കോവീഷീല്‍ഡ് സ്‌റ്റോക്ക് കുറഞ്ഞതോടെ ചൊവ്വാഴ്ച 1.67 ലക്ഷത്തോളം പേര്‍ക്ക് മാത്രമാണ് കുത്തിവെപ്പെടുക്കാനായത്. വിഷു അവധി ദിനമായ ഇന്നലെ സംസ്ഥാനത്ത് ആകെ വാക്‌സിനെടുത്തത് 19000ത്തില്‍ താഴെ ആളുകള്‍ മാത്രം. ക്ഷാമം തുടര്‍ന്നാല്‍ വാക്‌സിനേഷനിലൂടെ കോവിഡ് രണ്ടാം തരംഗം പ്രതിരോധിക്കാനുള്ള നീക്കം പ്രതിസന്ധിയിലാകും.
