ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ നീതി താഴ്‌വരയിലുണ്ടായ ഹിമപാതത്തിൽ എട്ടു മൃതദേഹങ്ങൾ കണ്ടെടുത്തു. ബോർഡർ റോഡ്സ് ഓർഗനൈസേഷന്റെ (ബിആർഒ) ക്യാംപിൽ ജോലി ചെയ്തിരുന്ന 384 പേരെ സൈന്യം രക്ഷപ്പെടുത്തുകയും ചെയ്തു. രക്ഷാപ്രവർത്തനം തുടർന്നെങ്കിലും രാത്രി വൈകി കാലാവസ്ഥ മോശമായതിനാൽ നിർത്തിവച്ചിരുന്നു. ഇന്നുരാവിലെ വീണ്ടും ആരംഭിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച വൈകുന്നേരം 4 മണിയോടുകൂടിയാണ് ഹിമപാതം ഉണ്ടായതെന്ന് സൈന്യം പ്രസ്താവനയിൽ അറിയിച്ചു. ഉത്തരാഖണ്ഡിലെ സുംന – റിംഖിം റോഡിൽ സുംനയ്ക്കു 4 കിലോമീറ്റർ മുൻപായാണ് അപകടം ഉണ്ടായത്. മേഖലയിൽ ഒരു ബിആർഒ സംഘവും രണ്ടു തൊഴിൽ ക്യാംപുകളും റോഡ് നിർമാണത്തിനായി ഉണ്ടായിരുന്നു. ഇവിടെനിന്ന് മൂന്നു കിലോമീറ്റർ മാറി ഒരു സൈനിക ക്യാംപും സ്ഥിതി ചെയ്തിരുന്നു.കഴിഞ്ഞ അഞ്ച് ദിവസമായി കനത്ത മഴയും മഞ്ഞുവീഴ്ചയും പ്രദേശത്തുണ്ടായിരുന്നു. ഹിമപാതത്തിനു പിന്നാലെതന്നെ സൈന്യം രക്ഷാപ്രവർത്തനത്തിനിറങ്ങി. രക്ഷപ്പെടുത്തിയ തൊഴിലാളികൾ ഇപ്പോൾ സൈനിക ക്യാംപിലുണ്ട്. ക്യാംപുകളിൽ അവശേഷിച്ച മറ്റു തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ് സൈന്യമിപ്പോൾ. മേഖലയിലേക്കുള്ള റോഡ് മണ്ണിടിച്ചിലിനെത്തുടർന്ന് 4–5 സ്ഥലങ്ങളിലായി തടസ്സപ്പെട്ടിരിക്കുകയാണ്. ജോഷിമഠിൽനിന്നുള്ള ബോർഡർ റോഡ്സ് ടാസ്ക് ഫോഴ്സും റോഡുകൾ ശരിയാക്കാൻ പരിശ്രമിക്കുന്നുണ്ടെന്നും 6–8 മണിക്കൂറുകൾക്കുള്ളിൽ പൂർണമായി തടസ്സങ്ങൾ നീങ്ങുമെന്നും പ്രതീക്ഷിക്കുന്നതായി പ്രസ്താവനയിൽ സൈന്യം അറിയിച്ചു. രണ്ടു മാസങ്ങൾക്കു മുൻപാണ് ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധിപ്പേർ മരിച്ചത്.
