കോട്ടയം/ പാലക്കാട്: കോവിഡ് വാക്‌സിന്‍ ക്ഷാമം രൂക്ഷമായതോടെ കോട്ടയത്തും പാലക്കാടും അടക്കം പലയിടത്തും വാക്‌സിനേഷൻ കേന്ദ്രങ്ങളില്‍ ജനങ്ങളുടെ തള്ളിക്കയറ്റം. കോട്ടയത്ത് മെഗാ വാക്‌സിനേഷൻ ക്യാമ്പിൽ ടോക്കണ്‍ വിതരണത്തിനിടെ വാക്ക് തര്‍ക്കവും സംഘര്‍ഷവുമുണ്ടായി. ബേക്കര്‍ മെമ്മോറിയല്‍ എല്‍പിസ്‌കൂളിലാണ് ടോക്കണു വേണ്ടി തിക്കും തിരക്കുമുണ്ടായത്. സാമൂഹ്യ അകലം പാലിക്കാതെയാണ് ഇവിടെ ജനങ്ങള്‍ തിങ്ങിക്കൂടിയത്.
രാവിലെ ആറു മണി മുതല്‍ വാക്‌സിനു വേണ്ടി ജനങ്ങള്‍ സ്‌കൂളില്‍ എത്തിയിരുന്നു. കോവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാത്തവരും ധാരാളമായി ഇവിടെ എത്തിയിരുന്നു. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ടോക്കൺ നല്‍കുകയും അല്ലാത്തവരോട് ക്യൂവില്‍ നില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇവരെ പരിഗണിച്ചില്ല എന്നാരോപിച്ചാണ് പ്രശ്‌നം ആരംഭിച്ചത്. ക്യൂവില്‍ നിന്ന ആളുകള്‍ക്ക് ടോക്കണ്‍ നല്‍കാന്‍ തുടങ്ങിയപ്പോള്‍ ക്യൂവില്‍ ഇല്ലാത്തവരും തള്ളിക്കയറി. തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥരുമായും ജീവനക്കാരുമായും വലിയ വാക്കുതര്‍ക്കത്തിലേക്കും ബഹളത്തിലേക്കും നീങ്ങുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തിയാണ് ടോക്കണ്‍ വിതരണം നടത്തിയത്. കഴിഞ്ഞ മൂന്നു ദിവസവും ഈ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ വലിയ ജനത്തിരക്കനുഭവപ്പെട്ടിരുന്നു. വരിനിന്നിട്ടും വാക്‌സിന്‍ ലഭിക്കാതെ നിരവധി പേര്‍ മടങ്ങിപ്പോവുകയും ചെയ്തു. ചെറിയ രീതിയിലുള്ള തര്‍ക്കവും കഴിഞ്ഞ ദിവസം ഈ കേന്ദ്രത്തില്‍ ഉണ്ടായിരുന്നു. പാലക്കാട് മോയന്‍സ് എല്‍പി സ്‌കൂളില്‍ നടക്കുന്ന മെഗാ വാക്‌സിനേഷന്‍ ക്യാമ്പിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ആയിരത്തോളം പേരാണ് രാവിലെ തന്നെ സാമൂഹ്യ അകലം പാലിക്കാതെ വരിനിന്നത്. മുതിര്‍ന്ന പൗരന്മാരാണ് ഏറെയും ഉള്ളത്.
