തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗം ശക്തമായി കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിക്കുന്നതായി പ്രതിപക്ഷം. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആണ് ഇക്കാര്യം അറിയിച്ചത്.
രമേശ് ചെത്തിത്തലയുടെ പത്രസമ്മേളനത്തിന്റെ പ്രസക്ത ഭാഗങ്ങള്‍
കോവിഡിന്റെ രണ്ടാം തരംഗം വളരെ ശക്തി പ്രാപിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ 28,447 ആണ്. വളരെ നിര്‍ണ്ണായകമായ ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. എല്ലാവരുടെയും ഒത്തൊരുമിച്ചുള്ള പ്രയത്‌നം ഉണ്ടെങ്കില്‍ നമുക്ക് ഈ മഹാമാരിയെ നിയന്ത്രിക്കാനാവുന്നതേയുള്ളു.
കാരണം കഴിഞ്ഞ ഒന്നേകാല്‍ വര്‍ഷത്തെ അനുഭവ പാഠം നമ്മുടെ മുന്നിലുണ്ട്. ഈ വൈറസ്സിന്റെ പ്രത്യേകതകള്‍ എന്തൊക്കെ, അത് പടരുന്നതെങ്ങനെ, വൈറസ് ബാധയുണ്ടായാല്‍ എന്തുചെയ്യണം. ചികിത്സ എങ്ങനെ വേണം, വൈറസിനെ പ്രതിരോധിക്കേണ്ടതെങ്ങനെ തുടങ്ങിയ വിലപ്പെട്ട വിവരങ്ങളെല്ലാം ഇപ്പോള്‍ നമുക്കുണ്ട്.
അതിനാല്‍ ജാഗ്രതയോടെ എന്നാല്‍, പരിഭ്രാന്തിതെല്ലും ഇല്ലാതെ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണിപ്പോള്‍.
സര്‍ക്കാരിനൊപ്പം പ്രതിപക്ഷം യോജിച്ച് പ്രവര്‍ത്തിക്കാം. യു.ഡ.എഫ് ഘടക കക്ഷി നേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടി, പി.ജെ.ജോസഫ്, എ.എ.അസീസ്, സി.പി.ജോണ്‍, അനൂപ് ജേക്കബ്ബ്, ദേവരാജന്‍, ജോണ്‍ ജോണ്‍ തുടങ്ങിയവരോട് ഫോണില്‍ ഞാന്‍ ചര്‍ച്ച നടത്തിയിരുന്നു. സര്‍ക്കാരും ആരോഗ്യ വകുപ്പും സ്വീകരിക്കുന്ന എല്ലാ നടപടികളുമായും യോജിച്ചു പ്രവര്‍ത്തിക്കാമെന്നാണ് എല്ലാ നേതാക്കളും അറിയിച്ചിട്ടുള്ളത്.
കോവിഡ് വ്യാപനത്തിന്റെ ഒന്നാം ഘട്ടത്തില്‍ അതിനെ നേരിടാനുള്ള സര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പ്രതിപക്ഷം പൂര്‍ണ്ണ പിന്തുണ നല്‍കിയിരുന്നു. പ്രതിപക്ഷനേതാവിന്റെ ഓഫീസില്‍ കണ്‍ട്രോള്‍ റൂം തുറന്നും, ആവശ്യക്കാര്‍ക്ക് സഹായമെത്തിച്ചും യു.ഡി.എഫ്. പ്രവര്‍ത്തകരെ രംഗത്തിറക്കിയും പ്രതിപക്ഷം കോവിഡിനെതിരായ പോരാട്ടത്തില്‍ പങ്കാളികളായി. രണ്ടാം തരംഗത്തിന്റെ ഈ നിര്‍ണ്ണായകഘട്ടത്തിലും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും പ്രതിപക്ഷം പ്രഖ്യാപിക്കുകയാണ്. കെ.പി.സി.സി. ഓഫീസില്‍ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം തുറന്ന് പ്രവര്‍ത്തിച്ചു വരുന്നുണ്ട്. പൊതുതിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടേ ഉള്ളൂ. അതിന്റെ ഫലം പുറത്തുവന്നിട്ടുമില്ല. പ്രവര്‍ത്തകര്‍ക്കിടയിലെ വീറും വാശിയും കെട്ടുപോയിട്ടുമില്ല. എങ്കിലും എല്ലാ അഭിപ്രായഭിന്നതകളും മാറ്റിവച്ച് കോവിഡിന്റെ ഈ ഘട്ടത്തില്‍ അതിനെതിരെ ഒന്നിച്ചുള്ള പോരാട്ടത്തിന് മുന്നിട്ടിറങ്ങാന്‍ യു.ഡി.എഫ്. പ്രവര്‍ത്തകരെ ഞാന്‍ ആഹ്വാനം ചെയ്യുന്നു. സര്‍ക്കാരിന്റെ എല്ലാ നല്ല ഉദ്യമങ്ങളോടും സഹകരിക്കുകയും പിന്തുണ നല്‍കുകയും വേണം.
സര്‍ക്കാരും അവസരത്തിനൊത്ത് ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. വെറുതേ ബഡായി അടിക്കുന്നതിതില്‍ മാത്രമായി കോവിഡ് പ്രതിരോധം ഒതുക്കിക്കളയരുത്. പ്രതിപക്ഷത്തെയും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെയും വിശ്വാസത്തിലെടുത്ത്, അവരെയും ഈ പോരാട്ടത്തില്‍ പങ്കാളികളാക്കി മുന്നോട്ടുപോകണം. തിങ്കളാഴ്ച സര്‍ക്കാര്‍ വിളിച്ച സര്‍വ്വ കക്ഷി യോഗത്തില്‍ സഹകരിക്കും. കോവിഡ് 19 പോലെ ഒരു മഹാമാരിയെ നേരിടുമ്പോള്‍, നമുക്ക് ഏറ്റവും അവശ്യമായ കാര്യം, ജനങ്ങളുടെ സഹകരണം ആണ്. അതിനായി ജനങ്ങളുടെ വിശ്വാസം നേടുക എന്നത് പരമ പ്രധാനമാണ്. അതുകൊണ്ട്, ജനങ്ങള്‍ക്ക് പരിഭ്രാന്തി ഉണ്ടാകുന്ന ഒരു പ്രവൃത്തിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നോ, മാധ്യമങ്ങളുടെ ഭാഗത്ത് നിന്നോ ഉണ്ടാകരുത്. നമുക്ക് അറിയാം, അസുഖം ബാധിക്കുന്നവരില്‍, ചെറിയ ഒരു ശതമാനത്തിന് മാത്രമേ, രോഗ മൂര്‍ച്ഛ ഉണ്ടാകുന്നുള്ളൂ. അങ്ങനെ ഉള്ളവര്‍ക്ക് കൃത്യമായ ചികിത്സ നല്‍കുക എന്നതിനായിരിക്കണം പ്രഥമ പരിഗണന. ഇതിന് ആശുപത്രികളില്‍ തിരക്ക് നിയന്ത്രണ വിധേയമായിരിക്കണം, അഡ്മിഷന്‍ പ്രോട്ടോക്കോള്‍ ഉണ്ടായിരിക്കണം, ഓക്സിജന്‍ ഉള്‍പ്പെടെ ഉള്ള ജീവന്‍ രക്ഷാ സംവിധാനങ്ങള്‍ ഉണ്ടാകണം.
കേരളത്തിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും, ഓക്സിജന്‍ ഉള്‍പ്പെടെ ഉള്ള അവശ്യമായ ജീവന്‍ രക്ഷാ സംവിധാനങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തുക എന്നതാണ് ആദ്യ പടി. അനാവശ്യമായ ഭീതി പരത്താതിരുന്നാല്‍,രോഗ മൂര്‍ച്ഛ ഉള്ളവര്‍ എപ്പോള്‍ എത്തിയാലും, അവര്‍ക്ക് ബെഡ്, വെന്റിലേറ്റര്‍ സംവിധാനം, ഓക്സിജന്‍ എന്നിവ എപ്പോഴും ലഭ്യമാണെന്ന് നമുക്ക് ഉറപ്പ് വരുത്താന്‍ കഴിയും.
മുഖ്യമന്ത്രിക്ക് ഞാന്‍ നേരത്തെ നല്‍കിയ 14 ഇന നിര്‍ദ്ദേശങ്ങളില്‍, സ്വകാര്യ ആശുപത്രികളേ കൂടി ഉള്‍പ്പെടുത്തി ഐ സി യു - വെന്റിലേറ്റര്‍ സംവിധാനങ്ങളുടെ ഒരു കോമണ്‍ പൂള്‍ ഉണ്ടാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് ഉടനടി നടപ്പിലാക്കണം. ഐ സി യു അല്ലോട്ട്മന്റ് ഡിസ്റ്റ്രിക്റ്റ് മെഡിക്കല്‍ ബോര്‍ഡിനെ ഏല്‍പ്പിക്കണം. ഇതിനായി ഒരു കോമണ്‍ ഹെല്‍പ് ലൈന്‍ നമ്പര്‍ ഉടന്‍ ആരംഭിക്കണം.
ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വ്വതീകരിച്ച് ജനങ്ങളെ പരിഭ്രാന്തിയിലാക്കാതിരിക്കാന്‍ മാധ്യമങ്ങളും ശ്രദ്ധിക്കണം.
വാക്സീന്‍ വിതരണം ആണ് മറ്റൊരു പ്രശ്നം. അവശ്യമായ വാക്സിന്‍ നമുക്ക് ലഭിക്കുന്നില്ല. വാക്സിന്‍ പണം നല്‍കി വാങ്ങണ്ട സ്ഥിതിയുമാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്. ഇത് പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് പ്രധാന മന്ത്രിക്ക് കത്ത് അയച്ചിട്ടുണ്ട്. കേന്ദ്രം നമുക്ക് ആവശ്യമായ വാക്സീന്‍ സൗജന്യമായി നല്‍കണമെന്ന കാര്യത്തില്‍ സംശയമില്ല. കേന്ദ്രത്തിന്റെ വാക്സീന്‍ പോളിസി ശരിയല്ല.
അതേ സമയം സംസ്ഥാന സര്‍ക്കാര്‍ ഇത്തവണത്തെ ബഡ്ജറ്റില്‍ സൗജന്യമായി വാക്സീന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. (page 130, para 231) അതിനുള്ള തുക വകയിരുത്തിയിട്ടുണ്ടാകുമല്ലോ?അതേ സമയം ജനങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവ നല്‍കുന്നത് ഏത് ഘട്ടത്തിലും സ്വാഗതാര്‍ഹമാണ്.
ബഡ്ജറ്റില്‍ വലിയ അക്ഷരങ്ങളിലാണ് വാക്സീന്‍ സൗജന്യമായി നല്‍കുമെന്ന് എഴുതി വച്ചിരിക്കുന്നത്. അന്ന് വലിയ കയ്യടിയും കിട്ടി. ബഡ്ജറ്റില്‍ പ്രഖ്യാപിക്കുമ്പോള്‍ വെറുതെ പ്രഖ്യാപിക്കുകയില്ലല്ലോ? അതിന്റെ പണവും നീക്കി വച്ചിട്ടുണ്ടാവും. ആ നിലയക്ക് സ.പി.എം പ്രഖ്യാപിച്ച വാക്സീന്‍ ചലഞ്ചിന്റെ ആവശ്യമില്ല. ഏതായാലും ഇത് വിവാദമാക്കാന്‍ ആഗ്രഹിക്കുന്നില്ല. വാക്സീന് വേണ്ടി പണം ചിലവാക്കിയാല്‍ മറ്റ് ആരോഗ്യപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കേണ്ടി വരുമെന്ന് തോമസ് ഐസക്ക് പറഞ്ഞതു കൊണ്ടു മാത്രം ഇക്കാര്യം ഓര്‍മ്മിപ്പിച്ചു എന്നേയുള്ളൂ. ഇതൊക്കെയാണെങ്കിലും കേന്ദ്രം സൗജന്യമായി വാക്സീന്‍ നല്‍കുക തന്നെ വേണം.
ഇതോടൊപ്പം കേരളത്തില്‍ ചില കാര്യങ്ങള്‍ നമുക്ക് ചെയ്യേണ്ടതുണ്ട്.
ഒന്നാമതായി, വാക്സിന്‍ നല്‍കുന്ന സ്ഥലങ്ങളിലെ തിരക്ക് ഒഴിവാക്കുക എന്നതാണ്. കൃത്യമായി ഓണ്‍ലൈന്‍ വഴി ടോക്കണ്‍ നല്‍കുക, ടൈം സ്ലോട്ട് അനുവദിക്കുക, തിരക്ക് ഒഴിവാക്കാന്‍ കൂടുതല്‍ വാക്സിനേഷന്‍ സെന്ററുകള്‍ തുടങ്ങുക എന്നീ കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടതാണ്. വാക്സിന്‍ സ്ലോട്ടുകള്‍ ബുക്ക് ചെയ്യാനും, മറ്റ് വിവരങ്ങള്‍ ലഭിക്കാനും ഒരു കോള്‍ സെന്റര്‍ തുടങ്ങുന്നത് ആലോചിക്കാവുന്നതാണ്.
വാക്സിനേഷനും മുന്‍ഗണനാ ക്രമം ഉണ്ടാകണം. ഒശഴവ ഞശസെ രോഗികള്‍ക്ക് മുന്‍ഗണ നല്‍കാന്‍ സാധിക്കണം. ഘീം ൃശസെ ആയ വ്യക്തികള്‍ക്ക് പ്രായം അനുസരിച്ച് മുന്‍ഗണനാ ക്രമം നിശ്ച്ഛയിക്കാവുന്നതാണ്. ഇതും തിക്കും തിരക്കും ഒഴിവാക്കാന്‍ സഹായിക്കും. വീടുകളില്‍ എത്തി വാക്സിനേഷന്‍ നല്‍കാന്‍ സാധിക്കുമോ എന്ന് കൂടി പരിശോധിക്കാവുന്നതാണ.വൃദ്ധ ജനങ്ങള്‍ക്കും കിടപ്പ് രോഗികള്‍ക്കും ആശുപത്രികളില്‍ എത്തി കുത്തിവയ്പ്പെടുക്കാന്‍ കഴിയില്ല. അത് പോലെ വാഹന സൗകര്യമില്ലാത്ത ആദി വാസി കേന്ദ്രങ്ങളിലും ഒറ്റപ്പെട്ടു കിടക്കുന്ന പട്ടിക ജാതി കേന്ദ്രങ്ങളിലും പോയി കുത്തി വയ്പ് നടത്തണം. മറ്റൊരു കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുകയാണ്. ഇന്നലെ ഡല്‍ഹിയില്‍ നിന്നുള്ള മലയാളി സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടതാണ്.ഏകദേശം പത്തുലക്ഷം മലയാളികള്‍ക്ക് ആശ്രയമരുളുന്ന നമ്മുടെ ഡല്‍ഹി ഇന്നുവരെ അനുഭവിച്ചിട്ടില്ലാത്ത വിഷമഘട്ടത്തില്‍ കൂടെ കടന്നുപോവുകയാണ്. നൂറുകണക്കിന് ആള്‍ക്കാര്‍ ഓക്സിജന്റെ അഭാവംമൂലം പിടഞ്ഞു മരിക്കുകയാണ്.
കേരളത്തില്‍ നിന്നും ഒരു എയര്‍ ലോഡ് ഓക്സിജന്‍ എങ്കിലും എത്തിക്കാന്‍ ആയാല്‍ എത്രയോ ആള്‍ക്കാരുടെ ജീവന്‍ രക്ഷിക്കാനാവും. കേരളത്തില്‍ ഇപ്പോള്‍ ആവശ്യത്തിലധികം ഓക്സിജന്‍ ഉത്പാദിപ്പിക്കുവാന്‍ ഉള്ള കഴിവ് ഉണ്ട് എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. ഭാവിയിലെ എമര്‍ജ്ജന്‍സി കൂടി കണക്കിലെടുക്കണ്ടതുണ്ട്. അത് കൂടി മനസ്സിലാക്കി, സര്‍ക്കാര്‍ ഈ ആവശ്യം പരിഗണിക്കണം എന്ന് ഞാന്‍ ആവശ്യപ്പെടുകയാണ്. അതേ പോലെ കേരളാ ഹൗസ്സില്‍ ഒരു ഓപ്പണ്‍ മെഡിക്കല്‍ ഫെസിലിറ്റി തുടങ്ങുന്നത് നല്ലതായിരിക്കും. ഏകീകൃത നയം വേണം .ഓരോ ജില്ലാ കളക്ടര്‍മാര്‍ ഓരോ തരത്തിലുള്ള ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നു. കാസര്‍കോട് ജില്ലാ കളക്ടര്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ സഞ്ചരിക്കാന്‍ അനുവദിക്കൂ എന്ന് ഉത്തരവിറക്കി. മലപ്പുറം ജില്ലാ കളക്ടര്‍ ആരാധനാലയങ്ങളില്‍ ഭക്തജനങ്ങളുടെ എണ്ണം അഞ്ചായി ചുരുക്കി. കൊല്ലം കളക്ടര്‍ മറ്റൊരു ഉത്തരവിറക്കി. ഇത് ശരിയല്ല. സര്‍ക്കാര്‍ ഏകീകൃതമായ നിലപാട് സ്വീകരിക്കണം. ചികിത്സാ നിരക്ക് നിയന്ത്രണം മുന്‍പ് ആവശ്യപ്പെട്ട കാര്യമാണ്. കോവിഡ് ചികിത്സക്ക് സ്വകാര്യ ആശുപത്രികള്‍ അമിതമായ നിരക്കാണ് ഈടാക്കുന്നത്. ഇതിന് നിയന്ത്രണം ആവശ്യമാണ്. ദാരിദ്ര്യരേഖയില്‍ താഴെ ഉള്ളവര്‍ക്ക് സ്വകാര്യ മേഖലയിലും സൗജന്യമായി ചികിത്സ നല്‍കാനുള്ള നടപടി ഉണ്ടാവണം. മറ്റുള്ളര്‍ക്കുള്ള ചികിത്സയുടെ നിരക്ക് സര്‍ക്കാര്‍ നിശ്ചയിക്കണം.
കിറ്റ് വിതരണം
മറ്റൊരു കാര്യം, കിറ്റ് ആണ്. കോവിഡ് വ്യാപനം കൂടുന്നതിനൊപ്പം, ജനങ്ങള്‍ക്ക് ജീവിത മാര്‍ഗ്ഗം ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ദിവസ കൂലിക്ക് പണിക്ക് പോകുന്നവര്‍, ഓട്ടോ ടാക്സി ഡ്രൈവര്‍മ്മാര്‍, ചെറുകിട വ്യാപാരികള്‍ അങ്ങനെ നിരവധിപേര്‍ പ്രതിസന്ധിയിലാണ്. അതിനാല്‍ കിറ്റ് വിതരണം ഊര്‍ജ്ജിതപ്പെടുത്തണം. ഇലക്ഷന് മുന്‍പ് ഉണ്ടായിരുന്ന ഊര്‍ജ്ജ സ്വലത കിറ്റിന്റെ കാര്യത്തില്‍ സര്‍ക്കാരിനിപ്പൊള്‍ ഇല്ല. എത്രയും പെട്ടന്ന് കിറ്റ് വിതരണം പൂര്‍ത്തി ആക്കണം.
