അബുദാബി: പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലിയെ അബുദാബി ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡ് വൈസ് ചെയര്‍മാനായി നിയമിച്ചു. അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് ചേംബർ ഡയറക്ടർ ബോർഡിൻ്റെ പുന:സംഘടന നടത്തി ഉത്തരവിട്ടത്.
അബ്ദുള്ള മുഹമ്മദ് അൽ മസ്റോയിയാണ് ചേംബർ ഡയറക്ടർ ബോർഡ് ചെയർമാൻ. യൂസഫലിയോടൊപ്പം അലി ബിൻ ഹർമാൽ അൽ ദാഹിരി വൈസ് ചെയർമാനായും, മസൂദ് റഹ്‌മ അൽ മസൂദ്, ട്രഷറർ, സയ്യിദ് ഗുംറാൻ അൽ റിമൈത്തി, ഡെപ്യൂട്ടി ട്രഷറർ ഉൾപ്പെടെ അബുദാബിയുടെ വാണിജ്യ വ്യവസായ രംഗത്തു നിന്നുള്ള 29 പ്രമുഖരെയാണ് പുതിയ ഡയറക്ടർ ബോർഡിൽ നിയമിച്ചത്. ഡയറക്ടർ ബോർഡിലുള്ള ഏക ഇന്ത്യക്കാരനും യൂസഫലിയാണ്.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
വിനയത്തോടെയും അഭിമാനത്തോടെയുമാണ് അബുദാബി ചേംബർ ഡയറക്ടർ ബോർഡിലേക്കുള്ള നിയമനത്തെ കാണുന്നതെന്ന് എം.എ.യൂസഫലി പ്രതികരിച്ചു. ഈ രാജ്യത്തിൻ്റെ ദീർഘദർശികളായ ഭരണാധികാരികളോട് നന്ദി രേഖപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. തന്നിൽ അർപ്പിതമായ ഉത്തരവാദിത്വം നിറവേറ്റാൻ ആത്‌മാർത്ഥമായി പ്രയത്നിക്കും. യു.എ.ഇ. യുടെയും ഇന്ത്യയുടെയും സാമ്പത്തിക ഉന്നമനത്തിനായി തുടർന്നും പ്രവർത്തിക്കുമെന്നും യൂസഫലി കൂട്ടിച്ചേർത്തു.
ലോകത്തെ പ്രമുഖ സാമ്പത്തിക ശക്തിയായ അബുദാബിയുടെ വാണിജ്യ വ്യവസായ രംഗത്ത് നിർണായക സ്വാധീനം ചെലുത്തുന്ന സ്ഥാപനമാണ് അബുദാബി ചേംബർ. അബുദാബിയിലെ എല്ലാ വാണിജ്യ വ്യവസായ സ്ഥാപനങ്ങളും അംഗങ്ങളായിട്ടുള്ള അബുദാബി ചേംബർ ഗവണ്മെന്റിനും വാണിജ്യ സമൂഹത്തിനും ഇടയിൽ ചാലകശക്തിയായി പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനമാണ്. അബുദാബിയിൽ പ്രവർത്തിക്കുന്ന ഏതൊരു
സ്ഥാപനത്തിനും ചേംബറിൻ്റെ അനുമതി ആവശ്യമാണ്.


