കൊല്ലം: തൃക്കോവില്‍വട്ടത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഒന്നരവയസ്സുകാരന് പ്രതിരോധ കുത്തിവയ്പ് എടുത്തതില്‍ പിഴവുണ്ടായെന്ന് പരാതി. കാലിന്റെ തുടയിൽ എടുക്കേണ്ട കുത്തിവയ്പ് മുട്ടിലാണ് എടുത്തത്. മുഖത്തല സ്വദേശിയായ കുഞ്ഞ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മുഖത്തല സ്വദേശി ഷെഫീഖിന്റെ മകൻ മുഹമ്മദ് ഹംദാനാണ് അഞ്ചുദിവസമായി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുളളത്. കഴിഞ്ഞ ഒന്നിന് തൃക്കോവില്‍വട്ടം പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് കുഞ്ഞിന് കുത്തിവയ്പ് എടുത്തത്. ചെറിയ വേദനയ്ക്കു പിന്നാലെ കുഞ്ഞിന് നടക്കാൻ ബുദ്ധിമുട്ടായപ്പോഴാണു പ്രശ്നം മനസ്സിലായത്.
മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ഡിഎംഒ എന്നിവർക്ക് കുടുംബം പരാതി നൽകി. റവന്യൂ , ആരോഗ്യ ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തി വിവരങ്ങളാരാഞ്ഞു. ചികിത്സാചെലവ് സര്‍ക്കാര്‍ വഹിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. കുത്തിവയ്പ് എടുത്ത നഴ്സിന് വീഴ്ചയുണ്ടായെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞത്. കുത്തിവയ്പ് എടുത്ത സമയത്ത് കുട്ടി കാൽ വലിച്ചതുകൊണ്ട് സ്ഥാനം തെറ്റിയെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.


