പാലക്കാട് : മലമ്പുഴയില്‍ ഡാം സൈറ്റിലിറക്കി വാഹനാഭ്യാസം നടത്തിയ യുട്യൂബര്‍ക്ക് 10,500 രൂപ പിഴ. കോഴിക്കോട് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒയാണ് യുവാവിനെ കണ്ടെത്തി പിഴയീടാക്കിയത്. അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിനും നിയമം മറികടന്ന് വാഹനം രൂപമാറ്റം വരുത്തിയതിനുമാണ് പിഴ. അഭ്യാസപ്രകടനത്തിന് അനുമതിയില്ലാത്ത വാഹനം മോടിപിടിപ്പിച്ചതും, നിയമ ലംഘനമാണെന്ന് ആര്‍.ടി.ഒ. അധികൃതര്‍ പറഞ്ഞു. നിരോധിത മേഖലയായ ഡാം റിസര്‍വോയറിനകത്ത് പ്രവേശിച്ച് വാഹനത്തില്‍ നടത്തിയ അഭ്യാസപ്രകടനത്തിനെതിരേ വെള്ളിയാഴ്ച സ്ഥലം സന്ദര്‍ശിച്ച ശേഷം പോലീസില്‍ പരാതി നല്‍കുമെന്ന് ഇറിഗേഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ ഡി. അനില്‍കുമാര്‍ പറഞ്ഞു.
നാലു മാസം മുന്‍പ് മലമ്പുഴ കവയില്‍ നടത്തിയ ഈ അഭ്യാസപ്രകടനം ആരാധകരെക്കൂട്ടാനായിരുന്നു. പിന്തുടരുന്നവരുടെ എണ്ണം കൂടിയെങ്കിലും യുട്യൂബറുടെ നടപടി മോട്ടര്‍ വാഹന ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നു കണ്ടെത്തി. അമിതവേഗം, അനുവദനീയമല്ലാത്ത രീതിയില്‍ വാഹനത്തിന്റെ രൂപമാറ്റം, ബോധപൂര്‍വം അപകടമുണ്ടാക്കാന്‍ ശ്രമം തുടങ്ങിയ തെറ്റുകള്‍ കോഴിക്കോട് സ്വദേശിയായ യുട്യൂബര്‍ ചെയ്തെന്ന് മോട്ടര്‍ വാഹനവകുപ്പ് കണ്ടെത്തി.
പിന്നാലെ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ യുവാവിനെ കണ്ടെത്തി 10,500 രൂപ പിഴ ഈടാക്കുകയായിരുന്നു. നിരോധിത മേഖലയായ ഡാം സൈറ്റില്‍ അനുമതിയില്ലാതെ വാഹനമിറക്കിയതിന് യുവാവിനെതിരെ ജലവിഭവ വകുപ്പും പൊലീസിനെ സമീപിക്കും. പരാതി കിട്ടിയാലുടന്‍ കേസെടുത്ത് യുട്യൂബറെ വിളിച്ച് വരുത്തുമെന്ന് മലമ്പുഴ പൊലീസും അറിയിച്ചു.


