കുറവിലങ്ങാട്: കനത്ത മഴയെ തുടർന്ന് കുറവിലങ്ങാട് പഞ്ചായത്തിലെ ക്ലാരറ്റ് ഭവൻ - മടയക്കുന്ന് റോഡ് ഇടിഞ്ഞതിനെ തുടർന്ന് ഉണ്ടായിരിക്കുന്ന അപകടാവസ്ഥ പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയതായി അഡ്വ. മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.
ഗതാഗതം ഭാഗികമായി മുടങ്ങിയ സ്ഥിതി വിശേഷമാണ് മണ്ണിടിച്ചിലിനെ തുടർന്ന് ഉണ്ടായിരിക്കുന്നത്. അപകട സ്ഥിതിയിലുള്ള ഭാഗത്ത് ഗതാഗതം ഒഴിവാക്കി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ചെറു വാഹനങ്ങൾക്ക് മാത്രം പോകാവുന്ന വിധത്തിലാണ് ഗതാഗതം അനുവദിക്കാൻ കഴിഞ്ഞിട്ടുള്ളത്. ടോറസ് വാഹനങ്ങൾ മണ്ണ് എടുക്കാൻ നിരന്തരമായി പോകുന്നത് കൊണ്ട് സംരക്ഷണ ഭിത്തികൾ ദുർബലപ്പെടാൻ ഇടയായിട്ടുണ്ടെന്ന് സ്ഥലം സന്ദർശിച്ച മോൻസ് ജോസഫ് എംഎൽഎയോട് നാട്ടുകാർ പരാതിപ്പെട്ടു. ശക്തമായ മഴയെ തുടർന്ന് വെള്ളം ഇറങ്ങിയതും മണ്ണ് ഇടിച്ചിലിന് കാരണമായിട്ടുണ്ട്. ഏതാനും വീടുകൾ ഇതേത്തുടർന്ന് ആശങ്കയിലായിരിക്കുകയാണ്.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
കുറവിലങ്ങാട് പഞ്ചായത്ത് 8-ാം വാർഡ് ക്ലാരറ്റ് ഭവൻ - മടയക്കുന്ന് റോഡിന്റെ സുരക്ഷ ഉറപ്പ് വരുത്താൻ കഴിയുന്ന വിധത്തിൽ സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതിന് ആവശ്യമായ ഫണ്ട് ലഭ്യമാക്കുന്നതിന് വേണ്ടി എസ്റ്റിമേറ്റ് തയ്യാറാക്കി പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർക്ക് സമർപ്പിക്കാൻ മോൻസ് ജോസഫ് നിർദ്ദേശം നൽകി. ഈ ഭാഗത്ത് മെയിൻ റോഡ് ശോച്യാവസ്ഥയിലായ റീച്ചിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടപ്പാക്കേണ്ടത്. റോഡിൽ ഉണ്ടായിരിക്കുന്ന അപകട സാഹചര്യം സർക്കാരിന്റെയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തുമെന്ന് മോൻസ് ജോസഫ് എംഎൽഎ വ്യക്തമാക്കി.
കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, വൈസ് പ്രസിഡന്റ് അൽഫോൻസാ ജോസഫ്, വാർഡ് മെമ്പർ എം.എൻ രമേശൻ, വിവിധ ജന നേതാക്കളായ തോമസ് കണ്ണന്തറ, സനോജ് മിറ്റത്താനി എന്നിവർ അപകടസ്ഥലത്ത് നേരിട്ട് പരിശോധിച്ച ശേഷം സമീപത്തായി യോഗം ചേർന്ന് ആവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളുക യായിരുന്നു.



