കണ്ണൂര്‍: പേരാവൂരില്‍ സി.പി.എം. നിയന്ത്രണത്തിലുള്ള ഹൗസിങ് സൊസൈറ്റി ചിട്ടി ക്രമക്കേടിൽ പണം നഷ്ടപ്പെട്ടത് പാവപ്പെട്ടവർക്കും കൂലിപ്പണിക്കാർക്കും. ചിട്ടി നടത്തിയത് സഹകരണ വകുപ്പിന്റെ മുന്നറിയിപ്പ് അവഗണിച്ചെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. ചിട്ടി അവസാനിപ്പിക്കാനും നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാനും സഹകരണ വകുപ്പ് നിര്‍ദേശിച്ചിരുന്നു. ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഉത്തരവാദിത്വത്തില്‍ നിന്നൊഴിയാനുളള ഭരണ സമിതിയുടെ നീക്കത്തിന് തിരിച്ചടിയേറ്റു. ബാധ്യതകളുടെ ഉത്തരവാദിത്വം ഭരണ സമിതിക്കെന്നും ഓഡിറ്റ് റിപ്പോര്‍ട്ടിലുണ്ട്.
2017-18 ലെ ഓഡിറ്റ് റിപ്പോര്‍ട്ട് സഹകരണ സംഘം പൂഴ്‌ത്തിയിരുന്നു. 2017ലാണ് ധനതരംഗ് എന്ന പേരില്‍ പേരാവൂര്‍ ഹൗസ് ബില്‍ഡിങ് സൊസൈറ്റി ചിട്ടി ആരംഭിച്ചത്. രണ്ടായിരം രൂപ മാസ തവണയില്‍ 50 മാസം കൊണ്ട് അവസാനിക്കുന്ന രീതിയിലായിരുന്നു ചിട്ടി. എഴുന്നൂറോളം പേരാണു ചിട്ടിയില്‍ചേര്‍ന്നത്. നറുക്ക് ലഭിക്കുന്നയാളുകള്‍ പിന്നീട് പണം നല്‍കേണ്ടതില്ല എന്നായിരുന്നു ചിട്ടിയിലെ പ്രധാന വ്യവസ്‌ഥ. ഈ വ്യവസ്‌ഥ സഹകരണ സംഘം നിയമത്തിനു വിരുദ്ധമാണ്. ചിട്ടി ആരംഭിച്ചതിനു പിന്നാലെ അതു നിയമവിരുദ്ധമാണെന്നും അവസാനിപ്പിക്കണമെന്നും കാണിച്ചു സഹകരണ വകുപ്പ് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍, ഭരണസമിതിയും സെക്രട്ടറിയും നോട്ടീസിനു മറുപടി പോലും അയച്ചില്ലെന്നു സഹകരണ വകുപ്പിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു . പിരിഞ്ഞു കിട്ടിയ തുക വകമാറ്റി ചെലവഴിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.
കാലാവധി പൂര്‍ത്തിയായിട്ടും നിക്ഷേപകര്‍ക്ക് പണം ലഭിക്കാതായതോടെ അവര്‍ പ്രതിഷേധവുമായി രംഗത്തെത്തി. തിരിച്ചു നല്‍കാനുളളത് 2.7 കോടി രൂപയാണെന്നു സഹകരണ വകുപ്പ് കണ്ടെത്തിയിരുന്നു. വിഷയത്തില്‍ ഇടപെട്ട സി.പി.എം. പ്രാദേശിക നേതൃത്വം സൊസൈറ്റി സെക്രട്ടറി പി.വി. ഹരിദാസിന്റെ ആസ്‌തികള്‍ ഈടായി നല്‍കാമെന്നു നിക്ഷേപകര്‍ക്ക് ഉറപ്പ് നല്‍കി. തുടര്‍ന്നാണു പ്രതിഷേധം താത്‌കാലികമായി അവസാനിച്ചത്. എന്നാല്‍ അയാള്‍ ഒളിവില്‍ പോയി. മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് ചിട്ടി നടത്തിയിരുന്നതെന്നും ഇതിനെതിരേ 2018 മുതല്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും മറുപടി പോലും ലഭിച്ചില്ലെന്നും സഹകരണ സംഘം അസി. രജിസ്‌ട്രാര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതിനിടെ പാര്‍ട്ടി നിയന്ത്രണത്തിലുളള ഭരണ സമിതിയെ തളളി സി.പി.എം. ജില്ലാ നേതൃത്വം രംഗത്തെത്തി.


