'വിമുക്തിമിഷൻ' പരാജയം പിരിച്ചുവിടണം. സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും യഥേഷ്ടം മദ്യശാലകൾ സ്ഥാപിക്കാൻ ജനദ്രോഹ നയം രൂപീകരിച്ച് കോടതിയുടെ പരിരക്ഷ തേടാൻ ശ്രമിക്കുകയാണ് സംസ്ഥാന സർക്കാരെന്ന് ഗ്രാന്റ് അലൈൻസ് ഓഫ് ടെംപറൻസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സതേൺ മേഖലാ പ്രസിഡന്റുമായ പ്രസാദ് കുരുവിള. നാടൊട്ടുക്കും മദ്യക്കടകൾ തുറന്നുകൊടുത്തിട്ട് എന്തിനാണ് സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കാൻ സമ്പൂർണ്ണ പരാജയമായ വിമുക്തി മിഷൻ പരിപാടികളുമായി സർക്കാർ ഇറങ്ങിയിരിക്കുന്നത്. ഇത് വിരോധാഭാസമാണ്. വിമുക്തി മിഷൻ പിരിച്ചുവിടണം. മറ്റ് സംസ്ഥാനങ്ങളിലെ ജനസംഖ്യയും ഏരിയയും കണക്കിലെടുത്ത് മദ്യക്കടകളുടെ കാര്യത്തിൻ മത്സരത്തിന് ശ്രമിക്കുന്ന സർക്കാർ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മദ്യപാനത്തിന്റെ ഭവിഷ്യത്തുകളുടെ ഗുരുതരാവസ്ഥയെ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. മദ്യക്കടകളുടെ പ്രവർത്തനം സമീപവാസികൾക്ക് ശല്യമാകരുതെന്ന കോടതിയുടെ നിരീക്ഷണം സ്വാഗതാർഹമാണെങ്കിലും മദ്യക്കടകൾ എവിടെ സ്ഥാപിച്ചാലും അതു ശല്യം തന്നെയാണെന്ന യാഥാർത്ഥ്യം നിലനിക്കുകയാണ്. മദ്യം അപകടകരമല്ലെങ്കിൽ അപകടകരമായ മുന്നറിയിപ്പ് എന്തുകൊണ്ട് കുപ്പികളിലും ബോർഡുകളിലും തുടരുന്നു.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
കള്ളുകുടിച്ച് വാക്ക് ചെയ്യാൻ പറ്റാത്തവർക്കുവേണ്ടി കൂടിയാണോ വാക്ക് ഇൻ ഷോപ്പുകൾ തുടങ്ങുന്നത്. കിറ്റ് നിർത്തലാക്കിയ സർക്കാർ ജനസംഖ്യാടിസ്ഥാനത്തിൽ കുടിവെള്ളവും പോഷകാഹാരവും എത്തിച്ചുനല്കാൻ ശ്രമിക്കണം. ആത്മാർത്ഥതയുണ്ടെങ്കിൽ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ സർക്കാർ നല്കിയ മദ്യം മൂലം മനുഷ്യനും പൊതുസമൂഹത്തിനുമുണ്ടായ ഭീകരമായ നഷ്ട കണക്കുകൾ നിയമസഭയിലൂടെ സർക്കാർ പുറത്തുവിടണം. മദ്യശാലകൾക്ക് മുൻപിൽ തിരക്കുണ്ടാകാതിരിക്കാൻ മദ്യാസക്തി രോഗികളെ ചികിത്സിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. മദ്യശാലകൾക്ക് മുൻപിലെ ക്യൂ കുട്ടികളെ സ്വാധീനിക്കുമെന്ന കോടതിയുടെ നിരീക്ഷണം അതിശയിപ്പിക്കുന്നു. മദ്യപിച്ചെത്തുന്ന രക്ഷിതാക്കളാണ് കുട്ടികളെ കൂടുതലും സ്വാധീനിക്കുന്നതെന്ന് സൈക്കോളജിക്കൽ കൗൺസിലർ കൂടിയായ പ്രസാദ് കുരുവിള പറഞ്ഞു.

