തിരുവനന്തപുരം: മുല്ലപ്പെരിയാർ ബേബി ഡാമിന് സമീപത്തെ മരങ്ങൾ വെട്ടുന്നത് കേരളം അനുമതി നൽകിയത് ഉദ്യോഗസ്ഥതലത്തിലാണെന്നും മന്ത്രിമാർ അറിഞ്ഞിട്ടില്ലെന്നുമുള്ള വനംമന്ത്രി എകെ ശശീന്ദ്രന്റെ വാദങ്ങൾക്കെതിരെ പ്രതിഷേധം ശക്തം. മരംമുറി വിഷയം സർക്കാർ ഗൗരവമായി അന്വേഷിക്കണമെന്ന് പീരുമേട് എംഎൽഎ വാഴൂർ സോമൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടുള്ള കള്ളക്കളിയാണ് മുല്ലപ്പെരിയാറിൽ നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും പറഞ്ഞു. മുഖ്യമന്ത്രി അറിഞ്ഞിരുന്നുവെന്നതിന് തെളിവുണ്ടെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരനും പറഞ്ഞിരുന്നു.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
പുതിയ ഡാം എന്ന കേരളത്തിന്റെ ആവശ്യത്തിൽ വെള്ളം ചേർക്കുന്ന നിലപാട് ഉദ്യോഗസ്ഥർ സ്വകരിച്ചതിനെതിരെ സർക്കാർ അന്വേഷണം വേണമെന്ന് സിപിഐ എംഎൽഎ വാഴൂർ സോമൻ പറഞ്ഞു. മുല്ലപ്പെരിയാർ സ്ഥിതി ചെയ്യുന്നത് പീരുമേടിലെ എംഎൽഎ കൂടിയാണ് വാഴൂർ സോമൻ. ''മാധ്യമങ്ങളിലൂടെയാണ് മരംമുറിക്ക് കേരളം അനുമതി നൽകിയതെന്ന വിവരമറിഞ്ഞത്. ഉടൻ തന്നെ വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടു. പാട്ട ഭൂമിയിലെ മരംമുറിക്ക് ഉദ്യോഗസ്ഥ തലത്തിൽ തീരുമാനമെടുക്കാമെന്നാണ് അവർ അറിയിച്ചത്.
എന്നാൽ പാട്ടഭൂമിയെന്നതിലുപരി സുപ്രീം കോടതി ഇടപെട്ട രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള വിഷയമാണിത്. അത്തരത്തിലൊരു വിഷയത്തിൽ നയപരമായ തീരുമാനമാണ് വേണ്ടതെന്നും ഉദ്യോഗസ്ഥർ തീരുമാനത്തോട് യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

