കോട്ടയം: പകൽ സമയം വീടിന് പിൻവശത്തുകൂടി എത്തി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിലായി. തൃക്കൊടിത്താനം സ്വദേശി അനീഷ് (31) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെ ചങ്ങനാശേരി പായിപ്പാട് കൊച്ചുപള്ളിക്ക് സമീപമാണ് സംഭവം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ഭർത്താവിന്‍റെ മാതാപിതാക്കൾ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് പായിപ്പാട് സ്വദേശിനിയായ 26കാരിയെ അനീഷ് വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ചത്. ഈ സമയം യുവതിയുടെ ഭർത്താവ് ജോലിക്ക് പോയിരുന്നു.
വീടിന്‍റെ പിൻവശത്തെ ചായ്പ്പിൽ വാഷിങ് മെഷീനിൽ തുണി കൈകുകയായിരുന്ന യുവതി കോളിങ് ബെൽ ശബ്ദം കേട്ട് വാതിൽ തുറന്നു. അപരിചിതനായ ആളെ കണ്ട് വാതിൽ അടച്ച് തിരികെ വന്നും തുണി കഴുകുന്നത് തുടർന്നു. അതിനിടെ വീടിന്‍റെ പിൻവശത്തുകൂടി എത്തിയ അനീഷ് യുവതിയെ കടന്നുപിടിക്കുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.
എന്നാൽ യുവതി ശക്തമായി പ്രതിരോധിച്ചതോടെ അനീഷ് അവരുടെ മുഖത്ത് ഇടിക്കുകയും അടിവയറ്റിൽ തൊഴിക്കുകയും ചെയ്തു. തല ഭിത്തിയിൽ ഇടിച്ചു പരിക്കേൽപ്പിച്ചതോടെ യുവതി അബോധാവസ്ഥയിലായി. വീട്ടുകാർ തിരികെ എത്തിയപ്പോഴാണ് ശരീരത്തിൽ മർദ്ദനമേറ്റ് അവശനിലയിൽ വസ്ത്രങ്ങൾ കീറിയ നിലയിലും യുവതിയെ കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാവിലെ കുട്ടിയെ അങ്കണവാടിയിൽ കൊണ്ടുവിടാൻ പോയ സമയത്ത് വഴിയരികിൽ പ്രതിയെ കണ്ടിരുന്നതായി യുവതി പൊലീസിന് മൊഴി നൽകി. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
