പാലാ: 23 വർഷമായി ലോറിയിൽ കുടിവെള്ളം എത്തിച്ച് ദൈനംദിന പ്രവർത്തികൾ ചെയ്തുവന്നിരുന്ന മരിയ സദനത്തിന് ഒടുവിൽ സ്വന്തമായി കുടിവെള്ളം എത്തുകയാണ്. പാലായിൽ റോട്ടറി ക്ലബിന്റെ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തിയ ഈ സംരംഭം പാലാ മരിയ സദനത്തിൽ നിന്നും രണ്ടു കിലോമീറ്റർ മാറി ളാലം റോഡിനോട് ചേർന്ന സ്ഥലത്താണ് പുതുതായി കിണർ നിർമ്മിച്ചു കുടിവെള്ളം ലഭ്യമാക്കുന്നത്.
ഡോ. ബിപിൻ തെരുവിൽ അദ്ദേഹത്തിന്റെ പിതാവ് പ്രൊഫ. ടി. ജെ ജോസഫിന്റെ ഓർമ്മയ്ക്കായി സൗജന്യമായി നൽകിയ സ്ഥലത്താണ് കിണർ നിർമ്മിച്ചിരിക്കുന്നത്. 33 ലക്ഷം രൂപ മുതൽമുടക്കി ആണ് റോട്ടറി ക്ലബ് പദ്ധതി നടപ്പിലാക്കുന്നത്.
ഇതോടൊപ്പം റോട്ടറി ക്ലബ് മരിയസദനത്തിൽ നിർമ്മിച്ചിരിക്കുന്ന മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ രണ്ടാംഘട്ടം പദ്ധതിയും പൂർത്തിയാക്കുന്നതിന്റെ ഉദ്ഘാടനം റോട്ടറി ഡിസ്ട്രിക്ട് ഗവർണർ
കെ. ശ്രീനിവാസൻ നിർവഹിച്ചു. വെഞ്ചിരിപ്പ് കർമ്മം പാലാ കിഴതടിയൂർ പള്ളിവികാരി ഫാ. തോമസ് പനയ്ക്കക്കുഴി നിർവഹിക്കുകയും ചെയ്തു.
റോട്ടറി മുൻ ഡിസ്ട്രിക്ട് ഗവർണർമാരായ ഡോ. തോമസ് വാവാനിക്കുന്നേൽ, ജോസഫ് മാത്യു, അസിസ്റ്റന്റ് ഗവർണർ
ഡോ. മാത്യു തോമസ്, ക്ലബ് പ്രസിഡണ്ട് റെജി ജേക്കബ്, സെക്രട്ടറി ജോഷി വെട്ടുകാട്ടിൽ, റോട്ടറി ഭാരവാഹികൾ, പദ്ധതിയുടെ സംഘാടകർ തുടങ്ങിയവർ പ്രസംഗിച്ചു.
