തിരുവനന്തപുരം: തലസ്ഥാനത്തെ മെഡിക്കല്‍ കോളേജില്‍ വീണ്ടും ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ മിന്നല്‍ സന്ദര്‍ശനം. മരുന്ന് സ്‌റ്റോക്ക് ചെയ്തില്ലെന്ന് കണ്ടെത്തിയതിനേത്തുടര്‍ന്ന് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. ബുധനാഴ്ച്ച രാത്രി ഒമ്പതേകാലോടെയാണ് മന്ത്രി മെഡിക്കല്‍ കോളേജില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത്.
ഒന്നര മണിക്കൂറോളം ആശുപത്രിയില്‍ ചെലവഴിച്ചു. ആദ്യം അത്യാഹിത വിഭാഗത്തിലെ വിവിധ എമര്‍ജന്‍സി വിഭാഗങ്ങളാണ് സന്ദര്‍ശിച്ചത്. ഡോക്ടര്‍മാര്‍ ഡ്യൂട്ടിയിലുണ്ടെന്നും അത്യാഹിത വിഭാഗത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാണെന്നും വിലയിരുത്തിയ ശേഷം വാര്‍ഡുകളിലേക്ക് കടന്നു.
പത്തൊമ്പതാം വാര്‍ഡിലെ രോഗിയായ പത്മ കുമാരിയുടെ ഭര്‍ത്താവ് മന്ത്രിയുടെ അടുത്ത് പരാതിയുമായെത്തി. കാരുണ്യ ഫാര്‍മസിയില്‍ നിന്ന് മരുന്നുകളൊന്നും കിട്ടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി. ബൈ സ്റ്റാന്‍ഡറില്‍ നിന്നും മന്ത്രി കുറിപ്പടി വാങ്ങി. നേരെ കാരുണ്യ ഫാര്‍മസിയിലേക്ക്. പുറത്തുനിന്ന ശേഷം ഒരാളെ കുറിപ്പടിയുമായി പറഞ്ഞുവിട്ടു. മരുന്നില്ലെന്ന് നേരത്തേ പറഞ്ഞതല്ലേയെന്ന് ജീവനക്കാരി അമര്‍ഷം പ്രകടിപ്പിച്ചു.
കുറിപ്പടി തിരിച്ചുവാങ്ങിയ മന്ത്രി ഫാര്‍മസി കൗണ്ടറിലേക്കെത്തി. കുറിപ്പ് കാണിച്ചപ്പോഴും മരുന്നില്ലെന്നായിരുന്നു മറുപടി. എന്തുകൊണ്ട് മരുന്നില്ലെന്ന ആരോഗ്യമന്ത്രിയുടെ ചോദ്യത്തിന് ജീവനക്കാര്‍ക്ക് മറുപടിയുണ്ടായിരുന്നില്ല. ഫാര്‍മസിക്ക് അകത്ത് കയറി മന്ത്രി കംപ്യൂട്ടറില്‍ മരുന്നുകളുടെ ലിസ്റ്റ് പരിശോധിച്ചു. ഡോക്ടര്‍മാര്‍ എഴുതി നല്‍കുന്ന മരുന്നുകളുടെ ലിസ്റ്റ് പരിശോധിച്ച്, ഇല്ലാത്തവ ഏതെന്ന് കണ്ടെത്തി, ആവശ്യകതയനുസരിച്ച് കൃത്യമായി കരുതിവെയ്ക്കണമെന്ന് നിര്‍ദ്ദേശം നല്‍കി.
മരുന്ന് സ്‌റ്റോക്ക് ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടി കാരുണ്യ ഡിപ്പോ മാനേജറെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. മറ്റ് മെഡിക്കല്‍ കോളേജുകളിലേയും സര്‍ക്കാര്‍ ആശുപത്രികളിലേയും കാരുണ്യ ഫാര്‍മസികളില്‍ മരുന്ന് ലഭ്യത ഉറപ്പാക്കണമെന്ന് ആരോഗ്യമന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഒക്ടോബര്‍ 28ന് വീണാ ജോര്‍ജ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടത്തിയ മിന്നല്‍ പരിശോധന വാര്‍ത്തയായിരുന്നു. അത്യാഹിത വിഭാഗത്തില്‍ സീനിയര്‍ ഡോക്ടര്‍മാര്‍ ഡ്യൂട്ടിയില്‍ ഇല്ലാത്തത് കണ്ടെത്തി താക്കീത് നല്‍കുകയും ചെയ്തു.
