പാലാ: പാലായെ സംസ്ഥാനത്തെ വിജ്ഞാന നഗരമാക്കുന്നതിൻ്റെ ഭാഗമായി കെ എം മാണി ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളുടെ സ്നേഹാദര സംഗമം ജൂലൈ 20 ബുധനാഴ്ച്ച പാലായിൽ നടക്കും. ഫൗണ്ടേഷൻ ചെയർമാൻ ജോസ് കെ മാണിയുടെ നേതൃത്വത്തിലാണ് പരിപാടി.
സംഗമത്തിൽ പാലാ നിയോജക മണ്ഡലത്തിലുള്ള സ്കൂളുകളിൽ നിന്നും കേരള സിലബസ്സിൽ എസ്എസ്എൽസി ക്കും പ്ലസ്ടുവിനും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കും.
കെ എം മാണി ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന വിവിധങ്ങളായ പരിപാടികളുടെ ഭാഗമായിട്ടാണ് എക്സലൻസ് അവാർഡുകൾ വിതരണം ചെയ്യുന്നത്. തുടർച്ചയായി രണ്ടാം വർഷവും എസ്എസ്എൽസിക്ക് ഏറ്റവുമധികം വിദ്യാർത്ഥികളെ വിജയിപ്പിച്ച വിദ്യാഭ്യാസ ജില്ലയായി പാലാ മാറി.
മാധ്യമ പഠന മേഖലയിലെ കേന്ദ്ര സർക്കാർ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷൻ, ട്രിപ്പിൾ ഐ.ടി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെൻ്റ്, കേന്ദ്രീയ വിദ്യാലയം തുടങ്ങിയവ ജോസ് കെ മാണി നമ്മുടെ നാട്ടിലെത്തിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചിലതാണ്.
നാളെ രാവിലെ 9 മണിക്ക് പാലാ അൽഫോൻസാ കോളേജിന് സമീപം സൺ സ്റ്റാർ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ എസ്എസ്എൽ സിക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും 2 മണിക്ക് പ്ലസ് ടുവിന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്ധ്യാർത്ഥികളെയും ആദരിക്കുകയും ഉപഹാരങ്ങൾ സമർപ്പിക്കുകയും ചെയ്യും.
മുഴുവൻ വിദ്യാർത്ഥികളെയും വിജയിപ്പിച്ച സ്കൂളുകളെ പ്രത്യേകമായി ആദരിക്കും. പ്രമുഖ പ്രഭാഷകനും റിട്ടയേർഡ് ഡിജിപി യുമായ ഡോ.അലക്സാണ്ടർ ജേക്കബ്ബ് ഐ പി എസ് രണ്ട് സെക്ഷനുകളിലും വിദ്യാർത്ഥികൾക്ക് ക്ലാസ്സെടുക്കും. ഫൗണ്ടേഷൻ ചെയർമാൻ ജോസ് കെ മാണി എം പി അവാർഡുകൾ വിതരണം ചെയ്യും.







