പാലാ: പാലാ ബൈപാസിൻ്റെ ഒന്നാം റീച്ച് പൂർത്തീകരണത്തിനായി ഒരു കോടി 32 ലക്ഷം രൂപയുടെ ടെൻഡർ നടപടികളായതായി മാണി സി കാപ്പൻ എംഎൽഎ അറിയിച്ചു. സിവിൽ സ്റ്റേഷൻ മുതൽ ആർ വി ജംഗ്ഷൻ വരെയുള്ളതാണ് റീച്ച് ഒന്ന്. ഈ ഭാഗത്തെ കെട്ടിട ഭാഗങ്ങൾ പൊളിച്ചുനീക്കി.
34 അവകാശികളുള്ള നാലുനില സൂര്യാ ലോഡ്ജിൻ്റെ ഭാഗങ്ങൾ പൊളിച്ചു നീക്കുന്നതിന് ബന്ധപ്പെട്ട കക്ഷികൾക്കു നോട്ടീസ് നൽകിയതിൻ്റെ അടിസ്ഥാനത്തിൽ ഒഴിഞ്ഞുമാറിയിട്ടുണ്ട്. ഇവർക്കുള്ള നഷ്ടപരിഹാരവും അനുവദിച്ചിരുന്നു. സൂര്യാ ലോഡ്ജിൻ്റെ ഭാഗം പൊളിച്ചു നീക്കുന്നതിനായുള്ള ടെൻഡർ സൂപ്രണ്ടിംഗ് എഞ്ചിനീയർ നടപടി സ്വീകരിക്കുന്നതോടെ പൂർത്തീകരിക്കും. നടപടികൾ വേഗത്തിലാക്കുന്നതു സംബന്ധിച്ചു മന്ത്രി പിഎ മുഹമ്മദ് റിയാസുമായി മാണി സി കാപ്പൻ ചർച്ച നടത്തി.
പാലാ ബൈപ്പാസ് നേരത്തെ യഥാർത്ഥ്യമായെങ്കിലും സ്ഥലം ഏറ്റെടുക്കാൻ നിശ്ചയിച്ച വില നിർണ്ണയത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി 13 സ്ഥലമുടമകൾ കോടതിയെ സമീപിക്കുകയായിരുന്നു. ഇതേതുടർന്ന് ബൈപാസ് പൂർത്തീകരണം തടസ്സപ്പെടുകയായിരുന്നു. ളാലംപള്ളി ജംഗ്ഷൻ മുതൽ സിവിൽ സ്റ്റേഷൻവരെയുള്ള ഭാഗത്താണ് റോഡിന് വീതിയില്ലാതെ വന്നത്. സ്ഥലമേറ്റെടുപ്പ് കേസിൽ കുടുങ്ങിയതോടെ നടപടികൾ ഇല്ലാതാകുകയായിരുന്നു.
പിന്നീട് നടപടികളൊന്നുമില്ലാതെ കിടന്ന ബൈപ്പാസിൻ്റെ പൂർത്തീകരണത്തിന് മാണി സി കാപ്പൻ എംഎൽഎ ആയതോടെയാണ് തുടക്കംകുറിച്ചത്. 2020ലെ സംസ്ഥാന ബജറ്റിൽ ഇതിനാവശ്യമായ തുക ലഭ്യമാക്കണമെന്ന നിർദ്ദേശം സമർപ്പിച്ചെങ്കിലും അന്ന് അനുമതി ലഭിച്ചില്ല. തുടർന്ന് 2019 ഡിസംബർ 19 നു കളക്ടറുടെ ചേംബറിൽ മാണി സി കാപ്പൻ എംഎൽഎ യുടെ നേതൃത്വത്തിൽ സ്ഥലമുടമകൾ പൊതുമരാമത്ത്, റവന്യൂ ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ചേർന്ന് തടസ്സങ്ങൾ നീക്കാൻ ശ്രമം ആരംഭിച്ചു. തുടർന്നു സബ് രജിസ്ട്രാർ ഓഫീസുമായി ബന്ധപ്പെട്ടു വില നിർണയ നടപടികൾ പൂർത്തിയാക്കി. പിന്നീട് റവന്യൂ- പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ അതിർത്തി നിർണ്ണയവും പൊളിച്ചുമാറ്റേണ്ട കെട്ടിടങ്ങളുടെ വില നിർണ്ണയവും പൂർത്തിയാക്കി.
2020 മാർച്ച് 5 ന് മാണി സി കാപ്പൻ വിഷയം മുഖ്യമന്ത്രി പിണറായി വിജയൻ്റെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് ഓഗസ്റ്റിൽ ഇതിനാവശ്യമായ 10 കോടി10 ലക്ഷം രൂപാ സർക്കാർ അനുവദിച്ചു. 2020 സെപ്തംബറിൽ കളക്ടറുടെ അക്കൗണ്ടിൽ എത്തി. എന്നാൽ ട്രഷറി ഡയറക്ടറുടെ അനുമതി വേണമെന്ന് അന്നത്തെ ജില്ലാ കളക്ടർ അറിയിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ നവംബർ 17ന് ട്രഷറി ഡയറക്ടർ അനുമതി നൽകി. വീണ്ടും നൂലാമാലകളിൽപ്പെട്ടു. ഏറ്റെടുക്കുന്ന സ്ഥലത്തിന് ആർ ആർ പാക്കേജ് ബാധകമാണോയെന്ന് കളക്ടർ ലാൻ്റ് റവന്യൂ കമ്മീഷണറോട് ആരായുകയും കമ്മീഷണർ അഡ്വക്കേറ്റ് ജനറലിൻ്റെ നിയമോപദേശം തേടാൻ കളക്ടർക്കു നിർദ്ദേശം നൽകുകയും ചെയ്തു.
2020 ഡിസംബർ 11 ന് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ രഞ്ജിത് തമ്പാൻ ആർ ആർ പാക്കേജിന് അർഹതയില്ല എന്ന് നിയമോപദേശം നൽകിയതിൻ്റെ അടിസ്ഥാനത്തിൽ ഡിസംബർ 18 നു അനുമതിക്കായി ലാൻ്റ് റവന്യൂ കമീഷണർക്ക് സമർപ്പിച്ചു. 2021 ജനുവരി ഒന്നിന് ലാൻ്റ് റവന്യൂ കമ്മീഷണർ ഉത്തരവ് നൽകുകയായിരുന്നു.







