വ്യാഴാഴ്ച വൈകുന്നേരം വെള്ളിലാപ്പിള്ളി കവലയിൽ പുതിയ പഞ്ചായത്ത് ഭരണസമിതിക്ക് അഭിവാദ്യം അർപ്പിച്ചുകൊണ്ടുള്ള ഫ്ലക്സ്
ബോർഡുകൾ സ്ഥാപിച്ചുകൊണ്ടിരുന്ന എൽഡിഎഫ് പ്രവർത്തകർക്കൊപ്പം ഉണ്ടായിരുന്ന രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷിന്റെ ഭർത്താവ് സന്തോഷ് കിഴക്കേക്കരയെ രാമപുരത്തെ കോൺഗ്രസ് നേതാവും വെള്ളിലാപ്പിള്ളി വാർഡിൽ നിന്നുള്ള പഞ്ചായത്തംഗവുമായ മനോജ് ചീങ്കല്ലേൽ അസഭ്യം പറയുകയും ജാതിപ്പേര് വിളിക്കുകയും ചെയ്ത നടപടി അപലനീയമാണെന്ന് കേരള യൂത്ത്ഫ്രണ്ട് (എം) രാമപുരം മണ്ഡലം.
ഇതിന്റെ തുടർച്ചയെന്നോണമാണ് കഴിഞ്ഞ ദിവസം രാത്രിയിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ വീടിന് നേരെ കല്ലേറ് ഉണ്ടായത്. ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപിടിക്കേണ്ട ഒരു ജനപ്രതിനിധി ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതിലൂടെ താൻ ആ പദവിക്ക് യോഗ്യനല്ല എന്ന് തെളിയിച്ചിരിക്കുകയാണ്.
മനുഷ്യരെ ജാതിയുടെ പേരിൽ വിഭജിച്ചുകാണുന്നതാണോ കോൺഗ്രസ് പാർട്ടിയുടെ നിലപാട് എന്ന് നേതൃത്വം വ്യക്തമാക്കണം. അല്ലാത്തപക്ഷം നാനാജാതി മതസ്ഥരുടെ വോട്ട് വാങ്ങി വിജയിച്ച് ഭരണഘടനാവിരുദ്ധവും മനുഷ്യത്വരഹിതവുമായ അധിക്ഷേപം നടത്തിയ മനോജ് ചീങ്കല്ലേലിന്റെ രാജി ആവശ്യപ്പെടുവാനും പരസ്യമായി മാപ്പ് പറയുവാനും യുഡിഎഫ് നേതൃത്വം തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
മുന്നേ ജാതി പറഞ്ഞ് പ്രസിഡന്റ് സ്ഥാനം നൽകുന്നതിന് എതിർപ്പ് കാണിച്ച് അവസാനം സമ്മർദ്ദങ്ങൾക്ക് വഴങ്ങേണ്ടി വന്നതുകൊണ്ട് മാത്രം പ്രസിഡന്റ് സ്ഥാനം നൽകാൻ നിർബന്ധിതമായ യുഡിഎഫ് നേതൃത്വം ഇതിന് തയാറാക്കുമോ എന്നത് കണ്ടറിയേണ്ടതാണ്.
രാമപുരം പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷം പഞ്ചായത്ത് ഹാളിൽ. ഷൈനി സന്തോഷിന് നേരെ പഞ്ചായത്ത് സ്റ്റാഫിന്റെയും സഹമെമ്പർമാരുടെയും മുന്നിൽ വെച്ച് യുഡിഎഫ് അംഗങ്ങൾ അസഭ്യവർഷം നടത്തിയിരുന്നു. അതിനുശേഷം സമൂഹമാധ്യമങ്ങളിൽ രാമപുരത്തെ കോൺഗ്രസ് പ്രവർത്തകർ സ്ത്രീത്വത്തെ അപമാനിക്കും വിധം പോസ്റ്റുകളും കമന്റുകളും കൊണ്ട് ഷൈനി സന്തോഷിന് നേരെ സൈബർ ആക്രമണം അഴിച്ചുവിട്ടിരുന്നതായും ആരോപണമുണ്ട്.
രാഷ്ട്രീയസംഘർഷങ്ങൾ അന്യമായ രാമപുരത്തിന്റെ മണ്ണിൽ പുതിയൊരു സംസ്കാരത്തിന് തുടക്കം കുറിച്ച് രാമപുരത്തിന്റെ സമാധാനാന്തരീക്ഷം തകർക്കുവാൻ ഉള്ള നീക്കങ്ങൾ ആണ് കോൺഗ്രസ് അണിയറയിൽ ഒരുക്കുന്നത് കോൺഗ്രസിന്റെ പ്രതികാര രാഷ്ട്രീയത്തെ രാമപുരത്തെ ജനങ്ങൾ ചവിറ്റുകുട്ടയിൽ തള്ളുമെന്ന കാര്യത്തിൽ സംശയമില്ലെന്നും രാമപുരത്തെ കോൺഗ്രസ് പാർട്ടിയുടെ പ്രതികാരരാഷ്ട്രീയത്തിനെതിരെ രാമപുരത്ത് നടത്തപ്പെടുന്ന പ്രതിഷേധയോഗത്തിനും പ്രകടനത്തിനും കേരള യൂത്ത്ഫ്രണ്ട് (എം) ഐക്യദാർഢ്യം പ്രഖാപിക്കുകയും ചെയ്‌തു.







