കോട്ടയം: അനാഥാലയങ്ങളിലും അഗതിമന്ദിരങ്ങളിലും അഭയം തേടിയിട്ടുള്ള നിരാലംബർക്ക് നിർത്തലാക്കിയ സുരക്ഷാ പെൻഷനും റേഷനും ലഭ്യമാക്കണമെന്നും കേന്ദ്ര സർക്കാർ കയ്യൊഴിഞ്ഞാലും കേരളം കനിയണമെന്നും കേരള വനിതാ കോൺഗ്രസ് (എം) സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
ഇവിടങ്ങളിൽ കഴിയുന്ന അന്തേവാസികൾക്കുണ്ടായിരുന്ന സാമൂഹിക സുരക്ഷാ പെൻഷനും ഇപ്പോൾ റേഷനും നിർത്തലാക്കിക്കൊണ്ടുള്ള നടപടി പുന:പരിശോധിക്കണമെന്നും വനിതാ കോൺഗ്രസ് (എം) സംസ്ഥാന പ്രസിഡന്റും കേരള വനിതാ വികസന കോർപറേഷൻ മെമ്പറുമായ പെണ്ണമ്മ തോമസ് ആവശ്യപ്പെട്ടു.
കേരളത്തിൽ തന്നെ 1800 ഓളം അനാഥാലയങ്ങളിലായി കഴിയുന്ന ഒരു ലക്ഷത്തിൽപരം വിവിധ വെല്ലുവിളികൾ നേരിടുന്നവരും ഉപേക്ഷിക്കപ്പെട്ട ബാല്യങ്ങളും ഉൾപ്പെടെയുള്ളവരെ സർക്കാർ തീരുമാനം വളരെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണെന്ന് പെണ്ണമ്മ ജോസഫ് ചൂണ്ടിക്കാട്ടി.







