കടുത്തുരുത്തി: കൊല്ലം- കോട്ടയം- എറണാകുളം റൂട്ടിൽ കോവിഡിന് മുൻപ് സർവീസ് നടത്തിയിരുന്ന 3 മെമു സർവീസുകൾ കൂടി പുനഃസ്ഥാപിച്ചു. കോവിഡിന് ശേഷം ഈ സർവീസുകൾ കൂടി പുനഃസ്ഥാപിച്ചതോടെ രണ്ടര വർഷത്തെ ഇടവേളയ്ക്കുശേഷം വൈക്കം റോഡ് റെയിൽവേ സ്റ്റേഷൻ സജീവമായി.
നിലവിൽ ഈ മെമു സർവീസുകൾ കൂടി പുനസ്ഥാപിച്ചതോടെ 16 ട്രെയിനുകൾ വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ നിർത്തും. ഏകദേശം രണ്ടരവർഷത്തിനു ശേഷം അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷ്യൽ ട്രെയിനുകൾ ആയിട്ടാണ് ഈ സർവീസുകൾ പുനരാരംഭിക്കുന്നത്.
സീസൺ ടിക്കറ്റ് നിരക്കിൽ മാറ്റം ഇല്ലാത്തതിനാൽ സ്ഥിരം യാത്രക്കാർക്ക് മാസം 185 രൂപ നിരക്കിലോ മൂന്ന് മാസത്തേക്ക് 500 രൂപ നിരക്കിലോ കോട്ടയം, എറണാകുളം ഭാഗങ്ങളിലേക്ക് യാത്ര ചെയ്യാവുന്നതാണ്.
കേരള എക്സ്പ്രസ്സ് അടക്കം യാത്രചെയ്യാനുള്ള സൂപ്പർ ഫാസ്റ്റ് സീസൺ ടിക്കറ്റ് മാസം 410 രൂപ നിരക്കിലും മൂന്ന് മാസത്തേക്ക് 1175 രൂപ നിരക്കിലും ലഭ്യമാണ്. അടിക്കടി ഉള്ള ബസ്സ് യാത്രാക്കൂലി വർധനമൂലം ദീർഘദൂര യാത്രക്കാരടക്കം നിരവധി പേരാണ് ഇപ്പോൾ ട്രെയിൻ യാത്രയെ ആശ്രയിക്കുന്നത്.
വൈക്കം, തലയോലപ്പറമ്പ്, കടുത്തുരുത്തി, കുറുപ്പന്തറ, കുറവിലങ്ങാട്, പാലാ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് യാത്രക്കാർക്ക് റയിൽവേയുടെ ഈ തീരുമാനം ഗുണം ചെയ്യും.








