എംജി യൂണിവേഴ്സിറ്റിയുടെ ആദ്യ വൈസ് ചാൻസിലറും ഗാന്ധിയനും പാലാ രൂപത പാസ്റ്ററിൽ കൗൺസിൽ ചെയർമാനുമായിരുന്ന ഡോ.എ.ടി. ദേവസ്യ അന്തരിച്ചു. അരങ്ങൊഴിഞ്ഞത് അദ്ധ്യാപകനായും സാംസ്കാരിക നായകനായും തിളങ്ങിയ അതുല്യ പ്രതിഭയാണ് അദ്ദേഹം.
1928 മാർച്ച് 20ന് പാലായ്ക്കടുത്തുള്ള അന്ത്യാളത്തെ കർഷക കുടുംബമായ അറയ്ക്കൽ തറവാട്ടിലാണ് ജനിച്ചത്. വിദ്യാർഥികാലം മുതൽക്കേ ദേശഭക്തി പ്രസ്ഥാനങ്ങളിൽ ആകൃഷ്ടനായി. സ്കൂൾ വിദ്യാഭ്യാസം കടനാട്ടിലും കോളജ് വിദ്യാഭ്യാസം തൃശിനാപ്പള്ളിയിലും മദ്രാസിലും.
നല്ല വിദ്യാർഥിയായിരുന്നതോടൊപ്പം കോളജിലെ ബെസ്റ്റ് ആക്ടർ പദവിയും സ്വന്തമാക്കി. അധ്യാപക ജോലിയോടായിരുന്നു പഥ്യം. തേവര കോളജിലും പിന്നീടു പാലാ കോളജിലും അധ്യാപകനായി. പാലാ സെൻറ് തോമസ് കോളജിൽ അധ്യാപനായതോടെ വിദ്യാർഥി രാഷ്ട്രീയത്തിൻറെ തുടർവഴികളിലായി. കോൺഗ്രസിൽ സജീവമായതോടെ രാഷ്ട്രീയ പ്രസംഗകനായും പേരെടുത്തു. കോൺഗ്രസിലെ ഗ്രൂപ്പു മത്സരങ്ങളിൽ പി.ടി. ചാക്കോയുടെ വിശ്വസ്തനായി കെപിസിസി മെംബറായി.
വിമോചന സമരകാലത്തു സമരമുഖത്ത് സ്ഥിരസാന്നിധ്യമായിരുന്നു ഡോ. ദേവസ്യ. ചില നേതാക്കൾ അറസ്റ്റൊഴിവാക്കാൻ ഒളിവിൽപോയപ്പോഴും ദേവസ്യ സാർ സർക്കാർ ഓഫീസ് പിക്കറ്റു ചെയ്ത് അറസ്റ്റു വരിച്ചു ജയിലിൽപ്പോയി. സജീവ രാഷ്ട്രീയത്തിൽ നിൽക്കുന്പോഴാണ് അമേരിക്കയിൽ ഉപരിപഠനം നടത്തുന്നതിനുള്ള ഫുൾബ്രൈറ്റ് സ്കോളർഷിപ്പ് ദേവസ്യ സാറിനെ തേടിയെത്തിയത്.
രാഷ്ട്രീയമുപേക്ഷിച്ചു ഉപരിപഠനത്തിനു പോയി. ഡോക്ടറേറ്റു നേടിയതിനെത്തുടർന്നു പഠിച്ച സർവകലാശാലയിൽത്തന്നെ അധ്യാപകനായി. പിന്നീട് പ്രഫസറും. ഇരുപത്തിയൊന്നു വർഷം കഴിഞ്ഞാണ് ഗാന്ധിജി സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലർ പദവിയിൽ നാട്ടിൽ തിരിച്ചെത്തിയത്.
ഒന്നുമില്ലായ്മയിൽനിന്നാണ് ദേവസ്യ പുതിയ സർവകലാശാല കെട്ടിപ്പടുത്തത്. ആദ്യത്തെ ആസ്ഥാനം കോട്ടയം ബേക്കർ സ്കൂൾ അങ്കണത്തിലെ പഴയ രണ്ടുനില കെട്ടിടമായിരുന്നു. പിന്നീട് കോട്ടയം കളക്ടറേറ്റിന് എതിർവശത്തുള്ള പടിഞ്ഞാറേക്കര ബിൽഡിംഗിലേക്ക് ആസ്ഥാനം മാറ്റി. അന്നു തുടങ്ങിയ പഠന വകുപ്പുകൾക്കു തത്കാലം സ്ഥലമനുവദിച്ചു നൽകിയതു ചങ്ങനാശേരി എസ്ബി കോളജും കോട്ടയം ബസേലിയോസ് കോളജും പാലാ സെൻറ് തോമസ് കോളജും ആയിരുന്നു.
പിന്നീട് സ്വന്തമായ കാമ്പസിനുള്ള ശ്രമമായി. കണ്ട സ്ഥലങ്ങളിൽ അതിരമ്പഴയിലെ നൂറേക്കറിലധികം വരുന്ന ഇപ്പോഴത്തെ കാമ്പസ് മതിയെന്നു തീരുമാനിച്ചതും ആദ്യ വൈസ് ചാൻസലർ തന്നെ. ഒട്ടേറെ എതിർപ്പുകൾ ഉണ്ടായിരുന്നു. അന്നത്തെ വിദ്യാഭ്യാസ മന്ത്രി ടി.എം. ജേക്കബും മുഖ്യമന്ത്രി കെ. കരുണാകരനും കാമ്പസ് അതിരമ്പുഴയിൽത്തന്നെ എന്ന് നിലപാടെടുത്തതോടെ എതിർപ്പുകൾ ഇല്ലാതെയായി. എംജി സർവകലാശാലയുടെ കാമ്പസ് അതിരമ്പുഴയിൽ എത്തിയതിൽ ഏറിയ പങ്കും ഡോ.ഏ.ടി. ദേവസ്യയ്ക്ക് തന്നെ.





