Hot Posts

6/recent/ticker-posts

ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ ഹൈക്കോടതി


പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ ഹൈക്കോടതി. മജിസ്‌ട്രേറ്റ് കോടതികള്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കും. തുക കെട്ടിവെച്ചാല്‍ മാത്രം ജാമ്യം നല്‍കിയാല്‍ മതിയെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.


രണ്ടാഴ്ചക്കുള്ളില്‍ 5.20 കോടി കെട്ടിവെക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഹര്‍ത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനമെമ്പാടുമായി രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളിലും പോപ്പുലര്‍ ഫ്രണ്ട് ജനറല്‍ സെക്രട്ടറി എ അബ്ദുള്‍ സത്താറിനെ പ്രതിചേര്‍ക്കാനും കോടതി ഉത്തരവി‌ട്ടിട്ടുണ്ട്.


ജസ്റ്റിസുമാരായ എ.കെ ജയശങ്കരന്‍ നമ്പ്യാര്‍, മുഹമ്മദ് നിയാസ് സി.പി എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചിന്റേതാണ് ഉത്തരവ്.
നഷ്ടപരിഹാരത്തുക കെട്ടിവെച്ച ശേഷമേ ജാമ്യം നല്‍കാവൂ, അല്ലാത്തപക്ഷം സ്വത്തുക്കള്‍ കണ്ടുകെട്ടുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്. 


ഹര്‍ത്താലിന്റെ പേരില്‍ സമരക്കാര്‍ സംസ്ഥാനത്ത് 5.20 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. നഷ്ടപരിഹാരം ഈടാക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നായിരുന്നു ആവശ്യം. കെഎസ്ആര്‍ടിസിക്കുണ്ടായ നഷ്ടം അടക്കമാണ് സര്‍ക്കാര്‍ 5.20 കോടി രൂപയുടെ കണക്ക് ഹാജരാക്കിയത്‌.

Reactions