തിരുവനന്തപുരം കാട്ടാക്കടയിൽ പിതാവിനെ മകളുടെ മുന്നിലിട്ട് മർദ്ദിച്ച കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം. സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് ചുമത്തി കേസെടുത്തു.
ഇരയായ രേഷ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തെ ജാമ്യം കിട്ടാവുന്ന വകുപ്പാണ് ചുമത്തിയിരുന്നത്.
അതേസമയം കെഎസ്ആർടിസി സി എം ഡി ബിജു പ്രഭാകർ, പൊതു സമൂഹത്തോട് മാപ്പ് പറഞ്ഞ് രംഗത്തെത്തി. മാനസികവിഭ്രാന്തിയുള്ള ജീവനക്കാരാണ് സംഭവത്തിന് പിന്നിലെന്നും കടുത്ത നടപടി ഉറപ്പെന്നും സംരക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചായത്ത് ജീവനക്കാരനായ കാട്ടാക്കട ആമച്ചൽ സ്വദേശി പ്രേമനനെയാണ് ഇന്നലെ കെഎസ്ആർടിസി ജീവനക്കാർ മർദ്ദിച്ചത്.
പ്രേമനനും രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയായ മകളും സുഹൃത്തും കൺസഷൻ ആവശ്യത്തിനായി കെഎസ്ആർടിസി ഓഫീസ് കൗണ്ടറിൽ എത്തിയതായിരുന്നു.
കോഴ്സ് സർട്ടിഫിക്കറ്റ് വേണമെന്ന് കൗണ്ടറിൽ ഇരുന്ന ജീവനക്കാരൻ ആവശ്യപ്പെട്ടു. തുടർന്ന് കോഴ്സ് സർട്ടിഫിക്കറ്റ് നേരത്തെ നൽകിയതാണെന്ന് പ്രേമനൻ പറഞ്ഞു. എന്നാൽ, കോഴ്സ് സർട്ടിഫിക്കറ്റ് വീണ്ടും നൽകാതെ കൺസഷൻ തരാൻ കഴിയില്ലെന്ന് ജീവനക്കാരൻ പറഞ്ഞു.
ആളുകളെ എന്തിനാണ് വെറുതേ ബുദ്ധിമുട്ടിക്കുന്നതെന്നും കെഎസ്ആർടിസി ഇങ്ങനെയാകാൻ കാരണം ഇത്തരം പ്രവൃത്തികളാണെന്നും പ്രേമനൻ പറഞ്ഞതോടെ തർക്കമായി. തുടർന്ന് ജീവനക്കാരനും സുരക്ഷാ ഉദ്യോഗസ്ഥനും പ്രേമലനെ വലിച്ചുകൊണ്ടുപോയി തൊട്ടടുത്തുള്ള മുറിയിലിട്ട് മർദിക്കുകയായിരുന്നു. പ്രേമനൻ കാട്ടാക്കട സർക്കാർ ആശുപത്രിയിൽ ചികിൽസയിലാണ്.





