Hot Posts

6/recent/ticker-posts

വിവാദങ്ങൾക്കും ചർച്ചകൾക്കുമി‌ടയിൽ പേവിഷ പ്രതിരോധദിനം


തെരുവ് നായ ആക്രമണങ്ങളും പേവിഷ മരണങ്ങളും ചർച്ചയാകുന്നതിനിടെ ഇന്ന് (സെപ് 28) പേവിഷ പ്രതിരോധ ദിനമാണ്.
പേവിഷബാധ ഗുരുതരമായ രോഗമാണ്. 


പേവിഷബാധയുള്ള മൃഗങ്ങളുടെ കടിയേൽക്കുന്ന ഒരാൾക്ക് അപ്പോൾ വിഷബാധ ഉണ്ടാകുന്നില്ല.നാലു ദിവസം മുതൽ മൂന്നുമാസംവരെയുള്ള കാലയളവിലാണ് വിഷബാധ ശരീരത്തെ കീഴടക്കുന്നത്.


അപൂർവം ചില ആളുകളിൽ ഇത് 22 വർഷം വരെയാകാം. പട്ടികൾക്ക് പുറമെ പൂച്ച, കീരി, പെരുച്ചാഴി, അണ്ണാൻ എന്നിവയുടെ കടിയേറ്റാലും പ്രതിരോധ കുത്തിവെപ്പിന് താമസം ഉണ്ടാവരുത്. ഉ‌ടൻതന്നെ പ്രതിരോധ കുത്തിവയ്പ്പ് എടുക്കണം.

ലൈസാ ഇനത്തിൽപ്പെട്ട റാബ്ഡോ വൈറസുകളാണ് രോഗകാരണം. ഈ വൈറസുകൾ തലച്ചോറിന്റെ നാഡികളെ തകരാറിലാക്കുകയും മരണത്തിലേക്ക് കൊണ്ടെത്തിക്കുകയുമാണ് ചെയ്യുന്നത്.

 പനി, തലവേദന, വിശപ്പില്ലായ്മ, ഛർദി, മുറിവിൽ വേദന, ചൊറിച്ചിൽ എന്നിവയാണ് മനുഷ്യരിൽ പേവിഷബാധയുടെ പ്രാഥമിക ലക്ഷണങ്ങൾ.
രോഗം മൂർച്ഛിച്ചാൽ പിച്ചും പേയും പറയൽ, വിഭ്രാന്തി കാട്ടൽ, ഉമനീർ പോലും ഇറക്കാനാകാത്ത അവസ്ഥ, വെള്ളം കാണുമ്പോൾ പേടി, കടുത്ത ദാഹം. ഒടുവിൽ വായിൽനിന്ന് നുരയും പതയും വരും.


പേവിഷബാധ മരണകാരണമാണെങ്കിലും പ്രതിരോധ കുത്തിവെപ്പ് അതിനെ നിസ്സാരമാക്കിമാറ്റുന്നു. അതായത് പ്രതിരോധ കുത്തിവെപ്പ് നടത്തുന്ന ആളിൽ റാബീസ് വൈറസ് അപ്പോൾ നശിക്കുന്നുവെന്നർഥം.

മൃഗങ്ങളുടെ കടിയേറ്റ ഉടൻ മുറിവിൽ 10 മിനിറ്റുനേരം വെള്ളം ശക്തമായി ഒഴിച്ച് സോപ്പിട്ട് കഴുകണം. നഗ്‌നമായ കൈകൊണ്ടു മുറിവ് തൊടരുത്. എണ്ണ, മഞ്ഞൾ, ചെറുനാരങ്ങ, ഉപ്പ്, മുളക് എന്നിവയൊന്നും മുറിവിൽ പുരട്ടരുത്. കഴുകിയശേഷം മുറിവിന്റെ നനവ് മാറ്റി ഏതെങ്കിലും അണുനാശിനി പുരട്ടുക. തുടർന്ന് പ്രതിരോധ കുത്തിവെപ്പ്. മുൻപ്‌ പൊക്കിളിന് ചുറ്റുമായിരുന്നു കുത്തിവെയ്ക്കൽ. ഇപ്പോഴത് തോൾ ഭാഗത്തിന് താഴെയാണ് കുത്തിവെക്കുന്നത്.

ആദ്യ കുത്തിവെപ്പ് കഴിഞ്ഞാൽ മൂന്നാം ദിവസവും ഏഴാം ദിവസവും 28-ാം ദിവസവും തുടർകുത്തിവെപ്പും നടത്തണം. പേവിഷബാധയുള്ള മൃഗങ്ങൾ വളർത്തുമൃഗങ്ങളെ കടിച്ചാൽ അവയ്ക്കും കുത്തിവെപ്പ് നടത്താൻ മടിക്കരുത്.

Reactions