അഭിമുഖത്തിനിടെ അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസിൽ നടൻ ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചോ എന്ന് പരിശോധിക്കാനൊരുങ്ങി പോലീസ്. ഭാസിയുടെ നഖം, തലമുടി, രക്തം എന്നിവയുടെ സാമ്പിളുകൾ പോലീസ് പരിശോധനയ്ക്ക് അയച്ചു.
അതേസമയം നടനോടും ചട്ടമ്പി എന്ന ചിത്രത്തിന്റെ നിർമാതാവിനോടും ഇന്ന് ഹാജരാകണമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞദിവസമാണ് ശ്രീനാഥ് ഭാസിയെ മരട് പോലീസ് അറസ്റ്റ് ചെയ്തത്.
പിന്നീട് താരത്തെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെ വാക്കാലുള്ള ചില പരാതികളും പോലീസിന് ലഭിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ അഭിമുഖത്തിന്റെ ദൃശ്യങ്ങളടക്കം പരിശോധിക്കാൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്. അറസ്റ്റിലായതിനുശേഷം ശ്രീനാഥ് ഭാസിയുടെ നഖം, തലമുടി, രക്തം എന്നിവ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ നിന്ന് ശേഖരിച്ചിരുന്നു.
തന്നോട് മോശമായി പെരുമാറിയെന്ന അവതാരകയുടെ പരാതിയെത്തുടർന്ന് അഭിമുഖത്തിന്റെ അതുവരെയുള്ള ദൃശ്യങ്ങൾ ഹോട്ടലിൽ നിന്ന് പോലീസ് ശേഖരിച്ചിരുന്നു. ഈ ദൃശ്യങ്ങളിൽ ചില അസ്വാഭാവികതകൾ കണ്ടു. ഇതേത്തുടർന്ന് അഭിമുഖത്തിന്റെ മുഴുവൻ വീഡിയോയും കണ്ടപ്പോഴാണ് ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചിരുന്നോ എന്ന സംശയം പോലീസിന് തോന്നിയത്. ഇത് ദൂരീകരിക്കാനാണ് നടന്റെ രക്തസാമ്പിളുകൾ ഉൾപ്പെടെ ശേഖരിച്ച് പരിശോധനയ്ക്കയച്ചത്.





