തിടനാട് വെട്ടിക്കുളത്ത് കാർ തോട്ടിലേക്കു മറിഞ്ഞത് സംരക്ഷണഭിത്തി ഇല്ലാത്ത ഭാഗത്ത്. വെട്ടികുളം സ്വദേശിയായ സിറിലിന്റെ കാർ തിങ്കളാഴ്ച രാത്രിയാണ് തോട്ടിലേക്ക് മറിഞ്ഞതെന്നാണ് കരുതുന്നത്.
തിടനാട് ടൗണിൽനിന്നു മടങ്ങും വഴി ഇറക്കത്തിൽ നിയന്ത്രണംവിട്ട കാർ തോട്ടിലേക്ക് മറിഞ്ഞതാകുമെന്നാണ് പൊലീസിന്റെ നിഗമനം.
രാവിലെ ഇതുവഴിയെത്തിയ ബൈക്ക് യാത്രക്കാരാണ് കാർ വീണുകിടക്കുന്നത് കണ്ടത്. തുടർന്നു നടത്തിയ പരിശോധനയിലാണ് യുവാവിനെ കാറിനുള്ളിൽ കണ്ടെത്തിയത്. കാറിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം.
സംരക്ഷണഭിത്തി ഇല്ലാത്തതാണ് കാർ തോട്ടിലേക്ക് മറിയാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു. ഈ ഭാഗത്തു ഭിത്തിയില്ലാത്തത് ഇനിയും വലിയ അപകടങ്ങൾക്ക് കാരണമായേക്കും. അതിനാൽ ഈ ഭാഗങ്ങളിൽ ഭിത്തികൾ പണിയണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.







