എകെജി സെൻറർ ആക്രമണ കേസിലെ പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവ് ജിതിന്റെ ജാമ്യാപേക്ഷ തളളി. തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തളളിയത്.
എകെജി സെന്ററിലേക്ക് ജിതിൻ എറിഞ്ഞത് ബോംബ് തന്നെയെന്നായിരുന്നു എന്നായിരുന്നു പ്രോസിക്യൂഷൻ വാദം. രാജ്യത്ത് നിരോധിച്ച പൊട്ടാസ്യം ക്ലോറൈറ്റിന്റെ സാന്നിധ്യം ഫോറൻസിക് പരിശോധനയിൽ കണ്ടെത്തുകയും ചെയ്തിരുന്നു.
ജിതിന് എതിരെ ആകെ ഏഴു കേസുകൾ ഉണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. എന്നാൽ കേസ് രാഷ്ട്രീയ നാടകമാണെന്ന നിലപാട് പ്രതിഭാഗം ആവർത്തിച്ചു. ജൂണ്‍ 30ന് രാത്രിയാണ് എകെജി സെന്ററിന് നേരെ ആക്രമണമുണ്ടായത്.
പോലീസ് പ്രത്യേക അന്വേഷ സംഘം രൂപീകരിച്ച് ഒരുമാസത്തിലധികം അന്വേഷിച്ചിട്ടും കേസില്‍ യാതൊരു തുമ്പും കിട്ടിയിരുന്നില്ല. ചുവന്ന ഡിയോ സ്‌കൂട്ടറിലാണ് അക്രമി എത്തിയതെന്ന വിവരം മാത്രമായിരുന്നു ആകെ കിട്ടിയത്. തുടര്‍ന്നാണ് സര്‍ക്കാര്‍ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്. സൈബര്‍ സെല്ലിന്റെ അടക്കം സഹായത്തോടെ വിവിധ ഘട്ടങ്ങളിലായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ക്രൈംബ്രാഞ്ച് പ്രതിയെ കണ്ടെത്തിയത്.





