കോട്ടയം: ചങ്ങനാശ്ശേരിയിലെ ദൃശ്യം മോഡല്‍ കൊലപാതകത്തില്‍ രണ്ട് പ്രതികള്‍ കൂടി പിടിയില്‍. മാങ്ങാനം സ്വദേശികളായ ബിപിന്‍, ബിനോയ് എന്നിവരെയാണ് കോയമ്പത്തൂരില്‍നിന്ന് പോലീസ് പിടികൂടിയത്.
കൃത്യം നടത്താന്‍ കേസിലെ മുഖ്യപ്രതിയായ മുത്തുകുമാറിനെ സഹായിച്ചവരാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു. ചങ്ങനാശ്ശേരിയില്‍ എത്തിച്ച പ്രതികളുമായി പോലീസ് വ്യാഴാഴ്ച തെളിവെടുപ്പും നടത്തി.
കഴിഞ്ഞ ശനിയാഴ്ചയാണ് ചങ്ങനാശ്ശേരി എ.സി. കോളനിയിലെ മുത്തുകുമാറിന്റെ വീട്ടില്‍ യുവാവിനെ കൊന്ന് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.
ആലപ്പുഴ ആര്യാട് സ്വദേശി ബിന്ദുകുമാറാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെ കേസിലെ മുഖ്യപ്രതിയായ മുത്തുകുമാറിനെ പോലീസ് പിടികൂടി.
കൊല്ലപ്പെട്ട ബിന്ദുകുമാറിന് ഭാര്യയുമായി ബന്ധമുണ്ടെന്ന മുഖ്യപ്രതി മുത്തുകുമാറിന്റെ സംശയമാണ് കൊലയ്ക്കുപിന്നിലെന്നാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കോട്ടയം എസ്.പി. കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ ചങ്ങനാശ്ശേരി ഡിവൈ.എസ്.പി.യുടെ മേല്‍നോട്ടത്തില്‍ ജില്ലയിലെ മൂന്ന് സി.ഐ.മാരും എസ്.ഐ.മാരും അടങ്ങുന്ന 20-അംഗ സംഘമാണ് അന്വേഷണം നടത്തുന്നത്.





