യുവാവിനെ ആക്രമിച്ച് വാഹനം തട്ടിയെടുത്ത കേസില്‍ നാലുപേര്‍ അറസ്‌റ്റില്‍. നടയ്‌ക്കല്‍ പത്താഴപ്പടി കണിയാംകുന്നേല്‍ മുഹമ്മദ് മുനീര്‍(24), വഞ്ചാങ്കല്‍ ആഷിദ് (22), ഈല്ലക്കയം ചിയാലില്‍ സുല്‍ഫിക്കര്‍ (30), കന്നുപറമ്ബില്‍ അജ്‌മല്‍ ഷാ (27) എന്നിവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്.
കാര്‍ വില്‍ക്കാനുണ്ടെന്ന് ഈരാറ്റുപേട്ട സ്വദേശി ഫേസ്‌ബുക്കില്‍ പരസ്യം ചെയ്‌തതിനെ തുടര്‍ന്നുപ്രതികളില്‍ ഒരാളായ ആഷിദ് വിളിച്ച് വാഹനം ടെസ്‌റ്റ് ഡ്രൈവ് ചെയ്യാനായി ആവശ്യപ്പെട്ടു. സന്ധ്യയോടുകൂടി കാഞ്ഞിരപ്പള്ളിയില്‍ കൊണ്ടുവരാനായിരുന്നു ആവശ്യം.
വാഹന ഉടമ തന്റെ ബന്ധുവായ യുവാവിന്റെ കയ്യില്‍ വണ്ടി കൊടുത്തുവിട്ടു. കാഞ്ഞിരപ്പള്ളിയില്‍ കൊണ്ടുവന്നപ്പോള്‍ ആഷിദും മുനീറും വണ്ടിയില്‍ കയറി ടെസ്‌റ്റ് ഡ്രൈവ് ചെയ്യുവാനെന്ന വ്യാജേന വാഹനം ഈരാറ്റുപേട്ടയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
ഈരാറ്റുപേട്ടയില്‍ എത്തിയപ്പോള്‍ ആഷിദ് ഭക്ഷണം കഴിക്കാമെന്ന് പറഞ്ഞ് തട്ടുകടയുടെ അടുത്ത് കാര്‍ നിര്‍ത്തി. ഈ സമയം അജ്‌മല്‍ ഷായെയും, സുല്‍ഫിക്കറിനെയും ഇരുവരും ചേര്‍ന്ന് വിളിച്ചുവരുത്തി. തുടര്‍ന്ന് നാലുപേരും ചേര്‍ന്ന് കാറില്‍ ഉണ്ടായിരുന്ന യുവാവിനെയും സുഹൃത്തിനെയും ആക്രമിച്ച് വാഹനവുമായി കടന്നു കളയുകയായിരുന്നു.
പരാതിയെത്തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തില്‍ നാലുപേരെയും ഈരാറ്റുപേട്ടയുടെ വിവിധ സ്‌ഥലങ്ങളില്‍ നിന്നു പിടികൂടുകയായിരുന്നു. ഒളിപ്പിച്ച നിലയില്‍ കാറും പോലീസ് കണ്ടെടുത്തു.
പ്രതികളായ ആഷിദിനും, അജ്‌മലിനും ഈരാറ്റുപേട്ടയില്‍ നിരവധി കേസുകള്‍ നിലവിലുണ്ട്. സുല്‍ഫിക്കറിന് നിലമ്ബൂര്‍ എക്‌സൈസില്‍ കേസുകള്‍ നിലവിലുണ്ട്. എസ്.എച്ച്. ഒ ബാബു സെബാസ്‌റ്റ്യന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.





